2014 ജനുവരി 30, വ്യാഴാഴ്‌ച

അല്‍ സുബൈര്‍ കോട്ട -മദീന മുനവ്വറ



ഫീല്‍ഡ് വര്‍ക്കിനായി മീഖാതിലേക്ക് പോകും വഴി കൂടെയുണ്ടായിരുന്ന മുഹമ്മദ്ക പറഞ്ഞാണ് ഞാനീ കോട്ട ആദ്യമായി കാണുന്നത്.കോട്ടയെപ്പറ്റിയുള്ള ചെറിയൊരു വിവരണവും അദ്ദേഹം ആ യാത്രയില്‍  നല്‍കുകയുണ്ടായി.അതിനു മുന്നിലൂടെ പല പ്രാവശ്യം പോയപ്പോഴും അവിടെയൊന്ന് ചുറ്റിക്കറങ്ങാന്‍ ആദ്യമൊന്നും തോന്നിയിരുന്നില്ല.  ഇടിഞ്ഞു പൊളിഞ്ഞു വീണ ഒരു വലിയ ചുമര്‍മാത്രമേ റോഡില്‍  നിന്നും കാണുന്നുള്ളൂ അത്രയേ ഉള്ളൂ എന്ന് കരുതി വിട്ടതാണ്. എന്നാല്‍  ഇന്നത്തെ ജോലി ആ കോട്ടയുടെ അടുത്തുള്ള ഒരു കമ്പനിയിലായതിനാല്‍ ഒന്ന് കണ്ട് നോക്കാം എന്ന് കരുതി ഞങ്ങളവിടേക്ക് ചെന്നു. പരിശുദ്ധ ഹറമില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ യാംബൂ റോഡില്‍ വലിയൊരു ഫുട്ബാള്‍  മൈതാനത്തിനു പിറകിലായാണ് കോട്ട സ്ഥിതി ചെയ്യുന്നത് . കമ്പി വലയുപയോഗിച് കോട്ടക്ക് ചുറ്റും തീര്‍ത്ത വേലിക്കെട്ടിനകത്തായി പൊളിഞ്ഞു വീണ കോട്ടയുടെ ഇനിയും തകരാത്ത ഒരു ചുമര്‍ തലയുയര്‍ത്തി നില്‍ക്കുന്നു. 



മദീനയില്‍  കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയുടെ ബാക്കിപത്രമായി കോട്ടക്കകത്ത് അങ്ങിങ്ങായി വെള്ളം തളം കെട്ടി നില്‍ക്കുന്നുണ്ട്. 1500 ഓളം വര്‍ഷം  പഴക്കമുള്ള ഈ കോട്ട ഇപ്പോഴും നിലനിര്‍ത്തുകയും, കോട്ടയെപ്പറ്റിയുള്ള ചെറിയൊരു വിശദീകരണവുമായി സൗദി പുരാവസ്തു വകുപ്പിന്റെ  രണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചതുമൊഴിച്ചാല്‍ മറ്റൊരു പ്രാമുഖ്യവും അവരതിന് നല്കിയിട്ടില്ല എന്ന് വ്യക്തമാണ്. സഞ്ചാരികള്‍ ആ വഴി വല്ലപ്പോഴുമേ വരാറൊള്ളൂ എന്നത് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. കളിക്കിടെ വേലിക്കെട്ടിനപ്പുറത്തേക്ക് തെറിക്കുന്ന പന്തെടുക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു പഴുതിലൂടെ ഞങ്ങള്‍  കോട്ടക്കകത്തേക്ക് കയറി. പുറമേ നിന്നും കാണുന്ന കാഴ്ച്ചയായിരുന്നില്ല അകത്ത്.2 ഏക്കറോളം പരന്ന് കിടക്കുന്ന വലിയൊരു കോട്ടയായിരുന്നു അത്.
പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ (സ.അ ) ഭാര്യ ആയിശ (റ) യുടെ സഹോദരിയും ആദ്യ ഖലീഫ അബൂബക്കര്‍ സിദ്ധീക്കിന്റെ (റ) മകളുമായ അസ്മ (റ) യുടെ ഭര്‍ത്താവായ സുബൈര്‍ (റ) എന്ന ധനികനായ സ്വഹാബി നിര്‍മ്മിച്ചതായിരുന്നു ഈ കോട്ട.ഒരു വലിയ വീടും, കിണറും,വിശാലമായ ചുറ്റുമതിലിനിടക്ക് നിര്‍മ്മിച്ച  മനോഹരമായ കവാടങ്ങളും ഈ കോട്ടയെ മനോഹരമാക്കിയിരുന്നു. വലിയ കല്ലുകളാല്‍ തീര്‍ത്ത ചുമരുകളും മണ്ണും മറ്റെന്തൊക്കെയോ മിശ്രിതങ്ങളും ഉപയോഗിച്ച് തേച്ച ചുമരുകളും ഇപ്പോഴും കോട്ടക്കകത്തുള്ള വീട്ടില്‍ വലിയ കേടുപാടുകള്‍ കൂടാതെ നില്ക്കുന്നുണ്ട് എന്നത് തന്നെ ആ കാലഘട്ടത്തിലെ  നിര്‍മ്മാണ രീതി എത്ര കണ്ട് മികച്ചതായിരുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്.

പ്രത്യേകം വേര്‍തിരിച്ച മുറികള്‍ , ഗോവണി, കവാടങ്ങള്‍, തേച്ച് മിനുസപ്പെടുത്തിയ മേല്‍ക്കൂര തുടങ്ങിയവ തുര്‍ക്കി നിര്‍മ്മാണ രീതിയില്‍ പണിതിട്ടുള്ളതാണ്.കോട്ടക്കകത്തെ തകര്‍ന്ന  ഈ വീടൊഴികെ മറ്റെല്ലാം മരുക്കാറ്റിനും ,കഠിനമായ ഋതു ഭേദങ്ങള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ നശിച്ചു പോയിരിക്കുന്നു.അകലെ തലയുയര്‍ത്തി നില്‍ക്കുന്ന മല നിരകള്‍ ഒരു പക്ഷെ എല്ലാത്തിനും ഒരു മൂകസാക്ഷിയായി നിലകൊണ്ടിരുന്നിരിക്കാം.ഇസ്ലാമിക ചരിത്രത്തിന്റെ ഒരു ശേഷിപ്പായി ഇന്നും നില  നില്‍ക്കുന്ന ഈ  കോട്ട സഞ്ചാരികളോടായി പലതും പങ്ക് വെച്ചിട്ടുണ്ടാവാം..തികച്ചും അപ്രതീക്ഷിതമായ ഈ കാഴ്ച്ച നല്ലയൊരു അനുഭൂതിയാണ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്. 




http://360saudiarabia.com/virtual_tours/100/Al-Zubair-Castle

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ