2016 ജൂലൈ 16, ശനിയാഴ്‌ച
ഗ്രീൻ വാലി ജിദ്ദ
ജിദ്ദയിലെ ഷറഫിയയിൽ നിന്നും നാൽപ്പത് കിലോമീറ്റർ അകലെയുള്ള ഗ്രീൻ വാലി എന്ന പ്രദേശം ഇന്ന് ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ഇഷ്ട വിനോദ കേന്ദ്രമായി മാറിയിരിക്കുന്നു . വിശാലമായ തടാകവും അതിന്റെ കരയിൽ പച്ച പുതച്ച് നിൽക്കുന്ന ചെറു വൃക്ഷങ്ങളും പിന്നെ അങ്ങിങ്ങായി കുറച്ച് മണൽ തിട്ടകളും... ഇതാണ് ഗ്രീൻ വാലി. ഇത് സ്ഥിതി ചെയ്യുന്നത് മരുപ്രദേശത്താണ് എന്നത് തന്നെയാണ് സഞ്ചാരികളെ ആകർഷിക്കാനുതകുന്ന മുഖ്യ കാരണവും.
വൈകുന്നേരം അഞ്ചര മണിയോടെ ഞങ്ങളവിടെ എത്തി. സായാഹ്ന സൂര്യന്റെ ചൂട് കടുപ്പത്തിൽ തന്നെയാണ്. നിരവധി കുടുംബങ്ങൾ നേരത്തെ തന്നെ അവിടെയെത്തിയിട്ടുണ്ട്. കുട്ടികൾ തടാകത്തിന്റെ കൈവഴിയായി ഒഴുകുന്ന ചെറിയ അരുവിയിൽ നീന്തിയും കളിച്ചും ഉല്ലസിക്കുന്നുണ്ട് അവരോടൊപ്പം മുതിർന്നവരും ഉണ്ട്. ചുറ്റിലും പച്ച പുതച്ച് നിൽക്കുന്ന ചെറു വൃക്ഷങ്ങൾ, നല്ല തെളിഞ്ഞ വെള്ളം. ഈ വെള്ളം എവിടുന്ന് ഒഴുകി വരുന്നു എന്നതിനെക്കുറിച്ച് ആർക്കും വലിയ നിശ്ചയമില്ല . മക്കയിലെ ഹറം മസ്ജിദിൽ ആളുകൾ അംഗശുദ്ദി വരുത്തിയതിന്റെ ബാക്കി ശുദ്ധീകരിച്ച് ഒഴുക്കി വിടുന്നതാണെന്ന് പലരും പറയുന്നത് കേട്ടു. പലതരം മത്സ്യങ്ങൾ, ജല ജീവികൾ, പക്ഷികൾ മുതലായവ ഈ വെള്ളത്തിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. കൂടാതെ അടുത്തുള്ള ഫാമുകളിലെ പലതരം പച്ചക്കറികളുടെ കൃഷിക്കായും ഈ വെള്ളം ഉപയോഗിക്കുന്നുണ്ട്. വളർന്ന പന്തലിച്ച് നിൽക്കുന്ന ആ മരങ്ങൾക്കിടയിലൂടെ ആ വലിയ തടാകം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. അവിടെയെല്ലാം സഞ്ചാരികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അധികവും കുടുംബങ്ങൾ അതും മലയാളികൾ. ഏറ്റവും അടുത്ത പ്രദേശം, ചുരുങ്ങിയ ചിലവ്, പിന്നെ നാട്ടിലെപ്പോലെയുള്ള ദൃശ്യാനുഭവവും. അത് തന്നെയാണ് മിക്കവരെയും ഇങ്ങോട്ടേക്ക് ആകർഷിക്കുന്നത് . പല കുടുമ്പങ്ങളും ഇപ്പോഴിവിടുത്തെ സ്ഥിരം സന്ദർശകരായി മാറിയിട്ടുണ്ട്. മണൽക്കൂനകളിലും വെള്ളത്തിലും കുട്ടികൾ യഥേഷ്ടം തിമിർത്താടുന്നുണ്ട്.
പിന്നീട് കണ്ട കാഴ്ച്ച മനം മയക്കുന്നതായിരുന്നു, വിശാലമായ തടാകം. കരയിൽ അനേകം പേർ അതിൽ തന്നെ മിക്കവാറും മലയാളികൾ . എല്ലാവരും ചൂണ്ടയിടുന്ന തിരക്കിലാണ്. ചിലരാകട്ടെ വെള്ളത്തിലിറങ്ങി നീരാടുന്നുമുണ്ട്. ചൂണ്ടയിടൽ തകൃതിയായി നടക്കുന്നുണ്ട് സിലോപ്പി, ആഫ്രിക്കൻ മുഷി എന്നിവയാണ് കൂടുതലും എല്ലാവർക്കും കൈ നിറയെ മീൻ കിട്ടിയിട്ടുണ്ട്. തൊട്ടപ്പുറത്ത് സ്ത്രീകൾ ചുറ്റിലുമിരുന്ന് സൊറ പറഞ്ഞിരിക്കുന്നു. കുട്ടികൾ പലതരം കളികളിൽ ഏർപ്പെട്ടിരിക്കുന്നു. ഇത് തന്നെയാണ് ഇവിടുത്തെ കാഴ്ച്ച . മഴയും , തോടും ,പുഴയും താൽക്കാലികമായി നഷ്ടമായ പ്രവാസികൾക്ക് ഇതൊരു ഹൃദ്യമായ ഇടം തന്നെയാണ്.
സന്ദർശകർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകൾ, വെള്ളക്കുപ്പികൾ , സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ തുടങ്ങിയവ കൊണ്ടുള്ള മാലിന്യകൂമ്പാരം ഇവിടെയും രൂപപ്പെടുന്നുണ്ട്. . അതിന്റെ വ്യാപ്തി കൂടിയാൽ ഈ ജലാശയവും അതിനോടനുബന്ധിച്ചുള്ള ഹരിത ഭംഗിയും ക്രമേണ നശിച്ച് പോകാതിരിക്കാൻ അവിടെ പോകുന്നവർ തീർച്ചയായും ഈ പ്രവർത്തി ഒഴിവാക്കേണ്ട ഒന്നാണ്. ഇടക്ക് ഒട്ടകത്തിന്റെ പഴക്കമേറിയ ഒരു ജഡം മണലിൽ പുതഞ്ഞു കിടക്കുന്നത് കണ്ടു. കാട്ടുമുയലും, പലതരം പക്ഷികളും , തെരുവ് നായ്ക്കളും, മണൽ പാമ്പുകളും ഇവിടുത്തെ ആവാസക്കാരാണ് . എന്നിരുന്നാലും സന്ദർശകരുടെ ബാഹുല്യം കാരണം അവയെല്ലാം ഏറെക്കുറെ ഒഴിഞ്ഞ ഭാഗത്തേക്ക് മാറിയിട്ടുണ്ട്. ഇവിടം സന്ദർശിക്കാൻ വരുന്നവർ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കൂടെ കരുതുന്നത് നന്നായിരിക്കും. ചൂണ്ടയിടൽ തന്നെയാണ് ചെറുപ്പക്കാരുടെ മുഖ്യ വിനോദം. ജലാശയത്തിൽ ഇറങ്ങി കുളിക്കുന്നത് അത്ര പന്തിയല്ല. അതിന്റെ ആഴവും അടിത്തട്ടിന്റെ സ്വഭാവവും ആർക്കും അറിവില്ല .കൂടാതെ ഇത് മലിന ജലം ശുദ്ധീകരിച്ച് ഒഴുക്കി വിടുന്നതുമാണ് .എന്നിരുന്നാലും പലരും ഇതിലിറങ്ങി നീന്തുന്നുണ്ട് വെള്ളത്തിനു നിറമോ രുചിയോ വ്യത്യാസമില്ലാത്തതായിരിക്കാം ഇതിനു കാരണം . സുരക്ഷാ സൗകര്യങ്ങൾ ഉള്ളത് മൂന്നാലു കിലോമീറ്റർ അകലെയുള്ള ഒരു അഗ്നിശമന സേനാ യൂണിറ്റാണ് . ഇത് വരെ ഈ പ്രദേശം സന്ദർശിക്കുന്നതിനും ഇവിടെ തങ്ങുന്നതിനും പ്രത്യേക അനുമതിയോ വിലക്കോ ഇല്ല . നിരവധി മലയാളി കുടുംബങ്ങൾ പുലരുവോളം അവിടെ തങ്ങിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഉണ്ടാവുന്നത് നല്ലതാണ്. മണലിൽ വാഹനം താഴ്ന്നു പോകുന്ന ഇടമാണ്. അങ്ങനെ സംഭവിച്ചാൽ വാഹനം എല്ലാവരും കൂടി തള്ളി കയറ്റുകയാണ് വേണ്ടത്. വെള്ളത്തിൽ കുളിക്കുന്നവർ ഉണ്ടെങ്കിലും ഇതു ഉറവയല്ല. ശുദ്ധീകരിച്ച വേസ്റ്റ് ജലം ആണെന്നാണ് അറിയുന്നത്. സ്വന്തം റിസ്കിൽ കുളിക്കുകയോ നീന്തുകയോ ചെയ്യുക.
ജിദ്ദയിലുള്ളവർക്ക് പ്രവാസലോകത്തെ ചൂടിൽ നിന്നും കുടുമ്പത്തോടോപ്പമോ സുഹൃത്തുക്കളോടോപ്പമോ അൽപ്പനേരം സന്തോഷത്തോടെ ചിലവഴിക്കാൻ പറ്റിയ ചിലവ് കുറഞ്ഞ, ഏറ്റവും അടുത്തുള്ള ഹരിതാഭമായ ഒരിടം ..അതാണ് ഗ്രീൻ വാലി.
ഗ്രീൻവാലിയിലേക്ക് എത്തിച്ചേരാനുള്ള വഴി
ജിദ്ദ ബലദിലെ റൌണ്ടബൌട്ടില്‍ നിന്ന് മക്കാ റോഡിലേക്ക് പ്രവേശിക്കുക. 22.3km പോയാല്‍ King Abdul Aziz Medical City ബോഡ് കാണാം. അവിടെ നിന്നും പാലം കയറി വലത്തോട്ടുള്ള റോഡില്‍ പ്രവേശിക്കുക. (അതിനു മുൻപ് ഇവെന്റ് മാള്‍, റിഹൈലി, മീസാന്‍ തുടങ്ങിയ പെട്രോള്‍ പമ്പുകള്‍ പിന്നിട്ടിട്ടുണ്ടായിരിക്കും) ആ വലത്തോട്ടുള്ള റോഡില്‍ അഞ്ച് കിലോമീറ്റര്‍ നല്ല റോഡാണ്. ശേഷം ടാര്‍ പൊളിഞ്ഞ റോഡിലേക്ക് പ്രവേശിക്കുന്നു. ഏകദേശം രണ്ടര കിലോമീറ്റര്‍ നേരെ ഡ്രൈവ് ചെയ്താല്‍ തടാകത്തിനരികെ എത്തും.
ഗൂഗിള്‍ മാപ്പില്‍ ഈ സ്ഥലം അപ്പ്ഡേറ്റ് ആവാത്തതിനാല്‍ ഒരിയ്ക്കലും നാവിഗേഷന്‍ നോക്കി ഇങ്ങോട്ട് വാഹനത്തില്‍ പോകരുത്; മറിച്ച്, maps ഓണാക്കിയ ശേഷം ഈ സ്ഥലത്തേക്ക് എത്താവുന്ന റോഡ് നോക്കി ഡ്രൈവ് ചെയ്യുക. (കടപ്പാട് :അബ്ദുറഹ്മാൻ വണ്ടൂർ )
Gps: 21.344779,39.354708
: 21°20'41.2"N 39°21'16.9"E
https://goo.gl/maps/sewJKMu5o4K2
സന്ദർശകർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകൾ, വെള്ളക്കുപ്പികൾ , സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ തുടങ്ങിയവ കൊണ്ടുള്ള മാലിന്യകൂമ്പാരം ഇവിടെയും രൂപപ്പെടുന്നുണ്ട്. . അതിന്റെ വ്യാപ്തി കൂടിയാൽ ഈ ജലാശയവും അതിനോടനുബന്ധിച്ചുള്ള ഹരിത ഭംഗിയും ക്രമേണ നശിച്ച് പോകാതിരിക്കാൻ അവിടെ പോകുന്നവർ തീർച്ചയായും ഈ പ്രവർത്തി ഒഴിവാക്കേണ്ട ഒന്നാണ്. ഇടക്ക് ഒട്ടകത്തിന്റെ പഴക്കമേറിയ ഒരു ജഡം മണലിൽ പുതഞ്ഞു കിടക്കുന്നത് കണ്ടു. കാട്ടുമുയലും, പലതരം പക്ഷികളും , തെരുവ് നായ്ക്കളും, മണൽ പാമ്പുകളും ഇവിടുത്തെ ആവാസക്കാരാണ് . എന്നിരുന്നാലും സന്ദർശകരുടെ ബാഹുല്യം കാരണം അവയെല്ലാം ഏറെക്കുറെ ഒഴിഞ്ഞ ഭാഗത്തേക്ക് മാറിയിട്ടുണ്ട്. ഇവിടം സന്ദർശിക്കാൻ വരുന്നവർ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കൂടെ കരുതുന്നത് നന്നായിരിക്കും. ചൂണ്ടയിടൽ തന്നെയാണ് ചെറുപ്പക്കാരുടെ മുഖ്യ വിനോദം. ജലാശയത്തിൽ ഇറങ്ങി കുളിക്കുന്നത് അത്ര പന്തിയല്ല. അതിന്റെ ആഴവും അടിത്തട്ടിന്റെ സ്വഭാവവും ആർക്കും അറിവില്ല .കൂടാതെ ഇത് മലിന ജലം ശുദ്ധീകരിച്ച് ഒഴുക്കി വിടുന്നതുമാണ് .എന്നിരുന്നാലും പലരും ഇതിലിറങ്ങി നീന്തുന്നുണ്ട് വെള്ളത്തിനു നിറമോ രുചിയോ വ്യത്യാസമില്ലാത്തതായിരിക്കാം ഇതിനു കാരണം . സുരക്ഷാ സൗകര്യങ്ങൾ ഉള്ളത് മൂന്നാലു കിലോമീറ്റർ അകലെയുള്ള ഒരു അഗ്നിശമന സേനാ യൂണിറ്റാണ് . ഇത് വരെ ഈ പ്രദേശം സന്ദർശിക്കുന്നതിനും ഇവിടെ തങ്ങുന്നതിനും പ്രത്യേക അനുമതിയോ വിലക്കോ ഇല്ല . നിരവധി മലയാളി കുടുംബങ്ങൾ പുലരുവോളം അവിടെ തങ്ങിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഉണ്ടാവുന്നത് നല്ലതാണ്. മണലിൽ വാഹനം താഴ്ന്നു പോകുന്ന ഇടമാണ്. അങ്ങനെ സംഭവിച്ചാൽ വാഹനം എല്ലാവരും കൂടി തള്ളി കയറ്റുകയാണ് വേണ്ടത്. വെള്ളത്തിൽ കുളിക്കുന്നവർ ഉണ്ടെങ്കിലും ഇതു ഉറവയല്ല. ശുദ്ധീകരിച്ച വേസ്റ്റ് ജലം ആണെന്നാണ് അറിയുന്നത്. സ്വന്തം റിസ്കിൽ കുളിക്കുകയോ നീന്തുകയോ ചെയ്യുക.
ജിദ്ദയിലുള്ളവർക്ക് പ്രവാസലോകത്തെ ചൂടിൽ നിന്നും കുടുമ്പത്തോടോപ്പമോ സുഹൃത്തുക്കളോടോപ്പമോ അൽപ്പനേരം സന്തോഷത്തോടെ ചിലവഴിക്കാൻ പറ്റിയ ചിലവ് കുറഞ്ഞ, ഏറ്റവും അടുത്തുള്ള ഹരിതാഭമായ ഒരിടം ..അതാണ് ഗ്രീൻ വാലി.
ഗ്രീൻവാലിയിലേക്ക് എത്തിച്ചേരാനുള്ള വഴി
ജിദ്ദ ബലദിലെ റൌണ്ടബൌട്ടില്‍ നിന്ന് മക്കാ റോഡിലേക്ക് പ്രവേശിക്കുക. 22.3km പോയാല്‍ King Abdul Aziz Medical City ബോഡ് കാണാം. അവിടെ നിന്നും പാലം കയറി വലത്തോട്ടുള്ള റോഡില്‍ പ്രവേശിക്കുക. (അതിനു മുൻപ് ഇവെന്റ് മാള്‍, റിഹൈലി, മീസാന്‍ തുടങ്ങിയ പെട്രോള്‍ പമ്പുകള്‍ പിന്നിട്ടിട്ടുണ്ടായിരിക്കും) ആ വലത്തോട്ടുള്ള റോഡില്‍ അഞ്ച് കിലോമീറ്റര്‍ നല്ല റോഡാണ്. ശേഷം ടാര്‍ പൊളിഞ്ഞ റോഡിലേക്ക് പ്രവേശിക്കുന്നു. ഏകദേശം രണ്ടര കിലോമീറ്റര്‍ നേരെ ഡ്രൈവ് ചെയ്താല്‍ തടാകത്തിനരികെ എത്തും.
ഗൂഗിള്‍ മാപ്പില്‍ ഈ സ്ഥലം അപ്പ്ഡേറ്റ് ആവാത്തതിനാല്‍ ഒരിയ്ക്കലും നാവിഗേഷന്‍ നോക്കി ഇങ്ങോട്ട് വാഹനത്തില്‍ പോകരുത്; മറിച്ച്, maps ഓണാക്കിയ ശേഷം ഈ സ്ഥലത്തേക്ക് എത്താവുന്ന റോഡ് നോക്കി ഡ്രൈവ് ചെയ്യുക. (കടപ്പാട് :അബ്ദുറഹ്മാൻ വണ്ടൂർ )
Gps: 21.344779,39.354708
: 21°20'41.2"N 39°21'16.9"E
https://goo.gl/maps/sewJKMu5o4K2
2014 ഓഗസ്റ്റ് 10, ഞായറാഴ്‌ച
ഞാന്‍ കണ്ട മദായിന്‍ സാലിഹ്
![]() |
| മനോഹരമായി ചെത്തി മിനുക്കിയ കവാടം |
കാലം കുറേയായി ഈ ആഗ്രഹം മനസ്സില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് "ഖുര്‍ആനിന്റെ ചരിത്രഭൂമികയിലൂടെ" എന്ന വീഡിയോ കണ്ട സമയത്ത് അതില്‍ കാണിച്ച ചരിത്ര സ്ഥലങ്ങളെല്ലാം കാണണമെന്ന അതിയായ മോഹം. പിന്നീട് പലപ്പോഴായി അവിടെ സന്ദര്‍ശിച്ചവരുടെ യാത്ര വിവരണങ്ങളും നെറ്റില്‍ നിന്നും ലഭിച്ച വിശദീകരണങ്ങളും എന്നെ കൂടുതല്‍ അസ്വസ്ഥനാക്കിയിരുന്നു. ഇന്നിതാ അതിലെ ഏറ്റവും പ്രാധാന്യമേറിയ 'മദായിന്‍ സാലിഹ്' എന്ന ചരിത്ര നഗരം എന്റെ കണ്‍മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ജോലിയുടെ ഭാഗമായി തബൂക്ക് റോഡിലൂടെ പോകുമ്പോഴൊക്കെ 'അല്‍ ഉല 400 കിമി' എന്ന ബോര്‍ഡ് എന്നിലെ യാത്രികനെ മാടി വിളിക്കാറുണ്ട്. നാളെ അവിടേക്ക് തന്നെ എന്റെ യാത്ര എന്ന് മനസ്സിലുറപ്പിച്ചാണ് ഇന്നത്തെ ജോലി നിര്‍ത്തിയത്. രാവിലെ ഏഴു മണിയോടെ ഞാന്‍ പുറപ്പെട്ടു. ഒറ്റയ്ക്കാണ് യാത്ര. കൂട്ടിനു പറ്റിയ ഒരുത്തനും ഇവിടെയില്ല എന്റെ കൂടെ. ആ ഒറ്റയ്ക്കുള്ള യാത്രക്കുമുണ്ടായിരുന്നു പറഞ്ഞറിയിക്കാനാവാത്ത ആഹ്ളാദം. പോകുന്ന വഴി ഒരു ബൂഫിയയില്‍ കയറി 2 മുട്ട പൊറോട്ടയും കുറച്ച് വെള്ളവും വാങ്ങി പ്രാതലിനുള്ള വകയൊരുക്കി. കാസര്‍ഗോഡുകാരനായ ആ ബൂഫിയക്കാരന്റെ കൈപ്പുണ്യം ഒന്നു വേറെത്തന്നെയാണ്. ഇടയ്ക്ക് കാര്‍ സൈഡാക്കി ഭക്ഷണവും കഴിച്ച് നേരെ അല്‍ ഉലയിലേക്ക് തിരിച്ചു. മദീനയില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെയാണത്. ചരിത്ര പ്രസിദ്ധമായ 'ഖൈബര്‍ യുദ്ധം' നടന്ന "ഖൈബര്‍" ആണ് ഇടക്കുള്ള പ്രധാന പട്ടണം. അതും 160 കിലോമീറ്റര്‍ അകലെ. അത്രയും ദൂരം വിവിധ വലിപ്പത്തിലും ആകൃതിയിലും നിറങ്ങളിലുമുള്ള എണ്ണിയാല്‍ തീരാത്ത മലകളാണ്. സൗദിയുടെ ധാതു സമ്പത്ത്. കടും കറുപ്പില്‍ വെള്ളയും മഞ്ഞയും ബോര്‍ഡറുമായി അതിനിടയിലൂടെ 4 വരിയായി നീണ്ടു നിവര്‍ന്ന് കിടക്കുന്ന തബൂക് ഹൈവേ .പഴയ ഹിറ്റ് മലയാളം സിനിമ പാട്ടുകള്‍ എന്റെ യാത്രക് നല്ല ഒരു കൂട്ടായി. ഒന്നര മണിക്കൂര്‍ എടുത്തു ഖൈബറിലെത്താന്‍. കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോള്‍ ഹൈവേയില്‍ നിന്നും വലത്തോട്ട് തിരിയാനുള്ള ബോര്‍ഡ് കണ്ടു. അതിലൂടെ തിരിഞ്ഞ് എത്തി ചേര്‍ന്നത് മരുഭൂമിയിലൂടെയുള്ള ഒരു ഒറ്റവരിപ്പാതയില്‍. ഇനി ഈ റോഡിലൂടെ വേണം 200 കിലൊമീറ്ററിലധികം താണ്ടി അല്‍ ഉലയിലെത്താന്‍.ഇടയ്ക്ക് എതിരെ ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനായി പലപ്പോഴും റോഡില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നു. അപ്പോഴൊക്കെ ഒരു ചെറിയ പൊടിക്കാറ്റ് എന്റെ കാറിന്റെ പിന്നിലായി രൂപം കൊണ്ടിരുന്നു. എന്നിരുന്നാലും ഏറെക്കുറേ വിജനമായിരുന്നു ആ റോഡ്.
കുറച്ച് കഴിഞ്ഞ് ഒരാള്‍ റോഡ് സൈഡില്‍ നിന്നും കാറിന് കൈ കാണിച്ചു. ഞാന്‍ വണ്ടിയൊതുക്കി വശത്തെ ഗ്ളാസ്സ് താഴ്ത്തി . മുഷിഞ്ഞ ഒരു പൈജാമയും നീളന്‍ കുപ്പായവും തൊപ്പിയും ധരിച്ച ഒരു പാകിസ്ഥാനി. അല്‍ ഉലയിലേക്കാണോ എന്ന ഉര്‍ദുവിലുള്ള അയാളുടെ ചോദ്യത്തിന് അതെയെന്ന് തലയാട്ടി കാറില്‍ കയറാന്‍ പറഞ്ഞു ഞാന്‍. അയാളുടെ മുഷിഞ്ഞ വസ്ത്രത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം എന്നെ കുറച്ച് നേരത്തേക്ക് വല്ലാതെ അസ്വസ്ഥാനാക്കി. (പിന്നെയത് ശീലമായി) എങ്കിലും നല്ല സുന്ദരനായിരുന്നു ഷഹ്സാദ്. പാകിസ്ഥാനിലെ ബലൂചില്‍ നിന്നും ഡ്രൈവര്‍ വിസയില്‍ സൌദിയിലെത്തിയതാണ്.യാമ്പുവില്‍ നിന്നും ഒട്ടകങ്ങള്‍ക്കുള്ള പുല്ലുമായി ഈ മരുഭൂമിയിലെ ഏതോ ഒരു ഗ്രാമത്തിലേക്ക് വലിയ ലോറിയുമായി വന്നതാണയാള്‍ . അയാളുടെ സുഹൃത്തിന്റെ സ്പോണ്‍സര്‍ അല്‍ ഉലയിലാണെന്നും സുഹൃത്തിന്റെ ഇഖാമ വാങ്ങിക്കാന്‍ അവിടെ പോകുകയാണെന്നും ലോഡ് ഇറക്കാന്‍ രാത്രിയാവുമെന്നും ഷഹ്സാദ് പറഞ്ഞു. മലയാളം പാട്ടുകള്‍ ആസ്വദിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇടക്ക് നാടിനെ പറ്റിയും ജോലിയേയും കുടുംബത്തെപ്പറ്റിയും ഞങ്ങള്‍ പരസ്പരം ആരാഞ്ഞു. മരു യാത്രക്കിടയില്‍ ഏറ്റവും അപകടം നിറഞ്ഞ ഒന്നാണ് ഒട്ടകക്കൂട്ടങ്ങളുടെ റോഡ് മുറിച്ച് കടക്കല്‍. ചിലപ്പോ അവ റോഡിന്‍റെ നടുക്കങ്ങ് നില്‍ക്കും ഒരു കൂസലുമില്ലാതെ.അതിനാല്‍ തന്നെ പുല്ല് നിറഞ്ഞ ഭാഗത്ത് എത്തുമ്പോഴൊക്കെ ചുവന്ന നിറത്തിലുളള മുന്നറിയിപ്പ് ബോര്‍ഡുകള്‍ ധാരാളമായി കാണാം . ദേ അതുപോലെ 2 എണ്ണം റോഡിന്‍റെ നടുവില്‍. ദൂരെ നിന്നും കണ്ടതിനാല്‍ സ്പീഡ് വളരെ കുറച്ച് തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. അവസാനം അവ സൈഡ് തന്നു. ഞങ്ങള്‍ മുന്നോട്ട് നീങ്ങി. വിജനമായ സ്ഥലവും ഒറ്റവരിപ്പാതയും. 140 സ്പീഡില്‍ കാര്‍ കുതിക്കുകയാണ്. വളവുകളില്ലാത്ത നേര്‍പ്പാതയായതിനാല്‍ മൂന്നാല് കിലോമീറ്റര്‍ അകലെയുള്ളതിനെ വരെ ഒരു പൊട്ടു പോലെ കാണാം.ഇടക്ക് ബദുക്കള്‍ താമസിക്കുന്ന ചെറിയ വീടുകളും അതിനോട് ചേര്‍ന്ന് വാഹനം,ഒട്ടകങ്ങള്‍, ആടുകള്‍ എന്നിവയെയും വശങ്ങളിലായി കാണാം. പച്ചപ്പിന്റെ ഒരു തരിമ്പ് പോലും എവിടെയും കാണാനില്ല. എങ്ങനെ അവര്‍ ജീവിക്കുന്നു ആവോ? ഇനിയും 100 കി.മീ ഉണ്ട് ഉലയിലേക്ക്.
![]() |
നേരം പതിനൊന്നാവുന്നു .മൂന്ന് മണിക്കൂറായി ഈ യാത്ര തുടങ്ങിയിട്ട്. മരുഭൂമിയും മാമലകളും പിന്നിട്ട ഞങ്ങള്‍ ഇപ്പൊ കാണുന്ന കാഴ്ച്ച അത്ഭുതാവഹമാണ്. നിരനിരയായി ഒരു കോട്ട പോലെ ചുറ്റിനും ഭീമാകാരങ്ങളായ പാറക്കെട്ടുകള്‍ മാത്രം . എന്റെയുള്ളിലെ ആകാംഷ വാനോളമുയര്‍ന്നു. അതെ വിശുദ്ദ ഖുര്‍ആനിലെ സൂറത്ത് അല്‍ അ'അറാഫില്‍ പരാമര്‍ശിക്കപ്പെട്ട സമൂദ് വംശത്തിന്‍റെ, പ്രവാചകന്‍ സാലിഹ് നബി (അ.വ) അയക്കപ്പെട്ട , ദൈവത്തിന്റെ കനത്ത ശിക്ഷയിറക്കപ്പെട്ട അല്‍ ഹിജര്‍ (പാറകളുടെ നഗരം). അല്‍ ഉലയില്‍ കൂടെയുള്ള പാക്കിസ്ഥാനിയെ ഇറക്കി ഫോണിനും എനിക്കുമുള്ള റീച്ചാര്‍ജ്ജ് ചെയ്ത് നേരെ സൗദി പുരാവസ്തു വകുപ്പിന് കീഴിലുള്ള, ഭീമാകാരങ്ങളായ പാറകള്‍ തുരന്ന് വീടുകള്‍ നിര്‍മ്മിക്കുകയും അവിടെ ജീവിക്കുകയും ചെയ്ത സമൂദ് വംശത്തിന്റെ ഉള്ളറകള്‍ തേടി ഞാന്‍ യാത്ര തുടര്‍ന്നു . ഇവിടെ നിന്നും 20 കി.മീ അകലെയാണ് മദായിന്‍ സാലിഹ്. നല്ല വീതിയുള്ള 2 രണ്ട് വരിപ്പാത, ഇരു വശത്തും വലിയ പാറകള്‍ , ചിലയിടങ്ങളില്‍ പാറമലകള്‍ അതിനിടയിലായി ഇളം മഞ്ഞ നിറത്തിലായി മണല്‍ക്കാടുകള്‍. പാറകളുടെ രൂപഭംഗി അവര്‍ണ്ണനീയമാണ്.മഞ്ഞ കലര്‍ന്ന പല രൂപത്തിലും ഭാവത്തിലും ഉള്ള പാറകള്‍. കണ്ണുകളെ വിസ്മയിപ്പിക്കുകയും ദൈവത്തെ മനസ്സില്‍ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന മായക്കാഴ്ച്ചകള്‍. അതെല്ലാം കണ്ട് 12 മണിയോടെ സ്ഥലമെത്തി . വലിയൊരു ഗൈറ്റിനു മുന്നിലായി കുറച്ച് പോലീസ് വണ്ടികള്‍ കിടക്കുന്നു. അവിടെ കണ്ട ബോര്‍ഡ് വായിച്ചപ്പോ നിരാശയായി. വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് മാത്റമേ സന്ദര്‍ശകര്‍ക്ക് അകത്ത് കയറാനൊക്കൂ . ഇനിയുമുണ്ട് 3 മണിക്കൂര്‍. പ്ലാനിങ്ങിന്റെ കുറവ്. ചുറ്റും വിജനമായ ഒരിടം. അകലെ ഒരു പച്ചപ്പ് കാണുന്നു നേരെ കാറെടുത്ത് അങ്ങോട്ട് വിട്ടു. ഈത്തപ്പന തോട്ടങ്ങള്‍ക്ക് നടുവിലായി ഒരു പള്ളിയും കുറച്ച് കടകളും ഉള്ള അല്‍ ഹിജര്‍ എന്ന ചെറിയൊരു പട്ടണം. ജുമുഅ നമസ്കാരത്തിനായി ഞാന്‍ അവിടെ കൂടി. ഇനിയുമുണ്ട് 2 മണിക്കൂര്‍. ഉച്ച ഭക്ഷണം കിട്ടുന്ന സ്ഥലം തിരക്കി വീണ്ടും ഒരു 15 കി.മീ മുന്നോട്ട് പോയി. ബുഖാരി റൈസും ചിക്കന്‍ ഫഹമും കുറച്ച് ബോട്ടില്‍ വെള്ളവും വാങ്ങി തിരിച്ചു. വഴിയില്‍ കണ്ട വലിയൊരു പാറക്കു താഴെ കാര്‍ നിര്‍ത്തി. പാറയുടെ വശം ഒരു കുട പോലെ നില്‍ക്കുന്നതിനാല്‍ ആ കടുത്ത ചൂടിലും നല്ല തണലൊരുക്കിയാണ് ആ പാറയുടെ നില്‍പ്പ്. കുറച്ചു കഴിച്ചപ്പോഴേ വിശപ്പ് തീര്‍ന്നു. ഭക്ഷണം മുക്കാല്‍ ഭാഗവും ബാക്കി. അതെല്ലാം പൊതിഞ്ഞ് കെട്ടി കവറിലിട്ടു തിരിച്ച് ഗൈറ്റിനരികിലേക്ക് പോയി. ഇടക്ക് ഒരു കൂടാരവും കുറേ ആടുകളെയും കണ്ട് വണ്ടി അങ്ങൊട്ട് തിരിച്ചു. ഹോണ്‍ അടി കേട്ട് കൂടാരത്തില്‍ നിന്നും ഒരാള്‍ പുറത്തേക്കിറങ്ങി വന്നു. സലാം പറഞ്ഞു. ഇബ്റാഹിം ,യമനിയാണ് ആട്ടിടയനായി അവിടെ ജോലി ചെയ്യുന്നു. ആ ഭക്ഷണപൊതി അയാള്‍ക്കു നേരെ നീട്ടി. അതില്‍ നിന്നും കുറച്ച് ഞാന്‍ കഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് അതും വാങ്ങി നന്ദിയും പറഞ്ഞ് അയാള്‍ കൂടാരത്തിലേക്ക് തിരികെ പോയി ഞാന്‍ ഗൈറ്റിനരികിലേക്കും.
![]() |
| അല്‍ ഹിജാസ് തീവണ്ടി |
അരമണിക്കൂര്‍ കഴിഞ്ഞ് ഗൈറ്റ് തുറന്നു. ആ വിസ്മയക്കാഴ്ച്ച കാണുവാനായി അനേകം പേര്‍ കുടുംബസമേതം എത്തിയിട്ടുണ്ട്. ഐഡന്റിറ്റിയും കാര്‍ നമ്പറും റെജിസ്റ്ററില്‍ എഴുതിച്ചേര്‍ത്ത് അകത്തേക്കുള്ള പ്രവേശനാനുമതി തന്നു. ഇരു വശങ്ങളിലും കുലച്ച് നില്‍ക്കുന്ന ഈത്തപ്പനകള്‍ക്ക് നടുവിലൂടെ അകത്ത് കടന്നു.ഒരു ദേശീയോദ്യാനത്തിലേക്ക് കടന്ന പോലെ. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ സൗദിയിലെ ആദ്യ സ്ഥലമാണിത്. അതിനാല്‍ തന്നെ ഇതിന്റെ പരിചരണവും നല്ല രീതിയിലാണു നടക്കുന്നത്. ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണ കാലത്ത് ആരംഭിച്ച അല്‍ ഹിജാസ് എന്ന റെയില്‍വെ സര്‍വ്വീസിന്റെ ഭാഗമായിരുന്ന ഒരു ആവിഎന്‍ജിനും ഏതാനും ബോഗികളും അതിനോട് ചേര്‍ന്ന് ഒരു കൊച്ചു മ്യൂസിയവും അവിടുണ്ട്. അതൊന്നും പക്ഷെ എന്നെയാകര്‍ഷിച്ചില്ല. മനസ്സ് നിറയെ ഭീമാകാരങ്ങളായ പാറകളെ സ്വന്തം വരുതിയിലാക്കി മനോഹരമായ വീടുകള്‍ പണിത് അവിടം താമസിച്ചിരുന്ന സമൂദ് ഗോത്രത്തിനെ പറ്റിയായിരുന്നു. പിന്നീടങോട്ട് പൊട്ടിപ്പൊളിഞ്ഞ ഒറ്റവരിപ്പാതയാണ്. വശങ്ങളില്‍ കാറ്റാടി മരങ്ങളും ചെറിയ പാറക്കൂട്ടങ്ങളും മണല്‍ക്കാടുകളും. അകലെയായി വലിയ പാറകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഞാന്‍ അങോട്ട് തിരിച്ചു. ഒടുവില്‍ വലിയൊരു പാറക്ക് മുന്‍പില്‍ ഞാന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. അരക്കിലോമീറ്ററിലധികം ചുറ്റളവില്‍ ചുവപ്പും മഞ്ഞയും കലര്‍ന്ന ഒരു പടുകൂറ്റന്‍ പാറ. ഇതില്‍ മാത്രം നാല്‍പ്പത്തിനാലു വീടുകളും അതിനോടനുബന്ദിച്ച സൗകര്യങ്ങളും ഉണ്ട്. പാറക്ക് മുഖാന്തരമായി നശിച്ച് പോയ ഒരു കിണറും. ഒറ്റ മുറിയുള്ളതും, രണ്ടും അതിലധികവും മുറികളുള്ളതും, മുകള്‍ നിലയുള്ളതും, പാറയില്‍ വെട്ടിയെടുത്ത കട്ടിലും ഇരിപ്പിടങ്ങളുള്ളതും, ചുമരില്‍ ഷെല്‍ഫുള്ളത്, അങ്ങനെ വിവിധ രൂപത്തിലും ഭാവത്തിലുമായി ഒട്ടനേകം വീടുകള്‍. ഓരോ വീടിനും മനോഹരമായ ചെത്തിമിനുക്കിയ കവാടമുണ്ട്. അതില്‍ പല ബിംബങ്ങളുടെയും , പരുന്തിന്റെയും, പാമ്പിന്റെയും രൂപങ്ങള്‍ കൊത്തി വെച്ചിട്ടുണ്ട്. അറബിയോട് സാമ്യമുള്ള എഴുത്തുകളും കാണാം. യുഗങ്ങള്‍ക്ക് മുന്‍പ് ബഹുദൈവാരാധകരായ ഒരു സമൂഹത്തിലേക്ക് ഏക ദൈവ വിശ്വാസം എന്ന മഹത് വചനവുമായി അയക്കപ്പെട്ട സ്വാലിഹ് നബിയുടെ ഗോത്രമാണു സമൂദ്. കിലോമീറ്ററുകളോളം ദൂരത്തില്‍ പരന്ന് കിടക്കുന്ന ഈ പാറവീടുകള്‍ ഒരു മഹാത്ഭുതം തന്നെയാണ്. കടുത്ത ഈ പാറകളെ തുരന്നും വെട്ടിയും നിര്‍മ്മിച്ച അതിമനോഹരമായ ആ നിര്‍മ്മാണ രീതിയും നൂറ്റാണ്ടുകളായി വലിയ കേടുപാടുകളില്ലാതെ ഇപ്പോഴും അതേപടി നില നില്‍ക്കുന്നതുമായ ഈ ഗോത്ര ശേഷിപ്പ് തീര്‍ത്തും ഒരു സംഭവബഹുലം തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല.
![]() |
| വീടിനകത്തുള്ള മുറികള്‍ |
നിന്റെ ദൈവത്തെ ഞങ്ങള്‍ ആരാധിക്കണമെങ്കില്‍ ആ കാണുന്ന പാറയില്‍ നിന്നും ഒരു പൂര്‍ണ്ണ ഗര്‍ഭിണിയായ പലവിധ സവിശേഷതകളും നിറഞ്ഞ ഒരു ഒട്ടകത്തെ ഞങ്ങള്‍ക്ക് നീ ഇറക്കിത്തരണം എന്ന സമൂദ്കാരുടെ ആവശ്യത്തിന്‍മേല്‍ സാലിഹ് നബി ദൈവത്തോട് അപേക്ഷിക്കുകയും വലിയൊരു പാറ രണ്ടായി പിളര്‍ന്ന് അതില്‍ നിന്നും അവര്‍ ആവശ്യപ്പെട്ട പോലെയുള്ള ഒരു ഒട്ടകത്തെ ഇറക്കുകയും ചെയ്ത പാറയും ആ ഒട്ടകം സ്ഥിരമായി കുടിച്ച് വറ്റിച്ചിരുന്ന വലിയൊരു കിണറും എല്ലാം മദായിന്‍ സാലിഹിലെ അത്ഭുത കാഴ്ച്ചകളാണ് . ഈ ഒരു അത്ഭുത പ്രതിഭാസത്തിന് സാക്ഷികളായ സമൂദ് വിഭാഗക്കാരില്‍ അനേകം പേര്‍ അള്ളാഹുവില്‍ വിശ്വസിക്കുകയും സാലിഹ് നബിയെ അംഗീകരിക്കുകയും ചെയ്തു. ഇതില്‍ വിറളി പൂണ്ട ബഹുദൈവാരാധകര്‍ നബിയും ഒട്ടകത്തെയും വധിക്കാന്‍ ആസൂത്രണം ചെയ്തു. അതിനായി അവര്‍ സമ്മേളിച്ച 40 മീറ്ററോളം വിസ്തൃതിയുള്ള അല്‍ ദിവാന്‍ എന്ന ഹാളും അതിനടുത്തായി രണ്ട് ഭീമന്‍ പാറകള്‍ക്കിടയിലായി ഉള്ള വലിയൊരു കിടങ്ങും അവിടെ കാണാം. പ്രവാചക കല്‍പ്പന അനുസരിക്കാതെ ആ വിശിഷ്ട ഒട്ടകത്തെ വധിച്ച അവരുടെ മേല്‍ ദൈവ കോപം ഇറങ്ങുകയും 3 ദിവസത്തിന് ശേഷം അതികഠിനമായ ഇടിയും മിന്നലും ഭൂമി കുലുക്കവും കൊണ്ട് ആ ബഹുദൈവാരാധകരായ സമൂദ് വംശത്തെ നശിപ്പിചെന്നുമാണ് വിശു: ഖുര്‍ആനില്‍ പറയുന്നത്.
കത്തുന്ന വെയിലും ചുട്ടു പൊള്ളുന്ന മണലും വല്ലാത്ത രസം കൊല്ലികളായിരുന്നു. ആറേഴു കുപ്പി വെള്ളം കുടിച്ചിട്ടും ദാഹം അടങ്ങുന്നില്ല. എന്നിരുന്നാലും ഏന്തി വലിഞ്ഞ് പല പാറകളിലും കയറിപ്പറ്റി ഓരോ കാഴ്ച്ചകളും മതിവരുവോളം കണ്ടു തീര്‍ത്തു.എന്നിട്ടും 2 മണിക്കൂര്‍ കൊണ്ട് ഞാന്‍ കണ്ടത് പകുതിയോളം മാത്രം. അകലെ ആകാശത്ത് സന്ധ്യ മയങ്ങാനൊരുങ്ങുന്നു. മദായിനില്‍ ഞാന്‍ കണ്ട കാഴ്ച്ചകളെ വര്‍ണ്ണിക്കാന്‍ എന്നിലുള്ള ചെറിയ എഴുത്തുകാരന്റെ പരിമിതി വളരെയധികമാണ് . ഓരോ യാത്രികന്റെയും ലിസ്റ്റില്‍ തീര്‍ച്ചയായും ഇടം പിടിക്കേണ്ട സ്ഥലം. തിരിച്ചു പോകാന്‍ പുതിയ വഴിയാണ് തിരഞ്ഞെടുത്തത്. 50 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത്തരം പാറക്കെട്ടുകളും മണല്‍ക്കാടും അതിനിടയില്‍ മരുപ്പച്ചകളായി നില്‍ക്കുന്ന ചില ഈന്തപ്പന തോട്ടങ്ങളും മാത്രമേ കാണാനൊള്ളൂ. രാവിലെ 8 മണിക്ക് ആരംഭിച്ച ഈ ദീര്‍ഘ യാത്ര അവസാനിപ്പിക്കാറായി. 7 മണിക്കൂര്‍ കൊണ്ട് 1000 കിലോമീറ്റര്‍ ഒറ്റക്കുള്ള യാത്ര. എങ്കിലും വര്‍ഷങ്ങളായി മനസ്സില്‍ ഒളിപ്പിച്ച വലിയൊരാഗ്രഹ പൂര്‍തീകരണ നിറവില്‍ യാതൊരു വിധ മടുപ്പോ ക്ഷീണമോ തോന്നിയില്ല. മനസ്സ് നിറയെ മായക്കാഴ്ചകള്‍ മാത്രം.
![]() |
| കവാടത്തിലെ കൊത്തുപണികള്‍ |
![]() |
| മുറിക്കകത്തുള്ള ഷെല്‍ഫുകള്‍ |
![]() |
| പ്ളം കേക്ക് പോലൊരു പാറ |
![]() |
| സാലിഹ് നബിയേയും ഒട്ടകത്തിനെയും വധിക്കാന്‍ ആസൂത്രണം നടത്തിയ അല്‍ ദീവാന്‍ ഹാള്‍ |
![]() |
| പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ ആഴമേറിയ കിണര്‍ |
1. "മദായിന്‍ സാലിഹിനെ" കുറിച്ചുള്ള ചരിത്രപരവും, ശാസ്ത്രീയവുമായ വിശകലനങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://saudi-archaeology.com/overview/
2. പ്രവാചകന്‍ "സ്വാലിഹ് നബിയെ" (അ:വ) കുറിച്ചും സമൂദ് ഗോത്രത്തെ കുറിച്ചും ചെറിയൊരു വിശകലനതിനായ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://www.islamawareness.net/Prophets/salih.html
2014 ജൂലൈ 16, ബുധനാഴ്‌ച
2014 ജൂൺ 10, ചൊവ്വാഴ്ച
2014 ഏപ്രിൽ 3, വ്യാഴാഴ്‌ച
യാത്രാ ചിത്രങ്ങള്‍ # 4
ഇസ്ലാമിക ചരിത്രത്തിലെ അതിപ്രധാനമായ "ഉഹ്ദ് " യുദ്ധം നടന്ന "ജബല്‍ ഉഹ്ദ് " അതിനടുത്തായി സ്ഥിതി ചെയ്യുന്ന "ജബല്‍ റുമ". യുദ്ധ സമയത്ത് അബ്ദുള്ള ബിന്‍ ജുബൈരിന്റെ കീഴിലായി പ്രവാചകന്‍ മുഹമ്മദ് (സ.വ) 50 അമ്പയ്തുകാരെ കാവല്‍ നിര്‍ത്തിയ മല. റസൂലിന്റെ കടുത്ത നിര്‍ദേശം തെറ്റിച്ചതിനാല്‍ കനത്ത വില നല്കേണ്ടി വന്ന യുദ്ധമായിരുന്നു ഉഹ്ദ് യുദ്ധം.
2014 ഫെബ്രുവരി 8, ശനിയാഴ്‌ച
ജിന്നുകളുടെ താഴ്വരയിലേക്ക്...
ഹൈപ്പര്‍ പാണ്ടയില്‍ ബിഗ്‌സേല്‍ ഓഫര്‍ ഉണ്ടെന്നറിഞ്ഞ് റൂം മേറ്റ്സിനെയും കൂട്ടി പുറപ്പെട്ടതായിരുന്നു. വഴിക്ക് വെച്ച് കൂടെയുള്ള മഹ്റൂഫിന്റെ ചോദ്യം, “സലാഹോ ഇജ്ജ് ഈ റോഡിന്റെ അവസാനം വരെ പോയിക്ക്ണോ? അവിടേണു വണ്ടി നിര്‍തിട്ടാല്‍ ബാക്കിലേക്ക് തന്നെ വര്ണ സ്ഥലം!” ഹേയ് അത് അവിടല്ലല്ലോ ജുര്‍ഫിലാണ് എന്നാണല്ലോ മൊഹമ്മാക്ക പറഞ്ഞത് ...അവന്റെ വിവരണത്തെ ഞാന്‍ ഖണ്ഡിച്ചു. ആര് പറഞ്ഞു ജുര്‍ഫിലാന്നു, ഞങ്ങള്‍ പോയതല്ലേ അവിടെ, ഈ റോഡിന്റെ അവസാനത്തിലാ ആ സ്ഥലം.. ഉടനെ അന്‍വറിന്റെ പ്രതികരണം. അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു. അപ്പൊ എനിക്കും വാശിയായി എന്നാല്‍ അവിടെ പോയിട്ട് തന്നെ കാര്യം. പിന്നെ ഒരിക്കല്‍ പോവാം എന്ന അവരുടെ അഭിപ്രായത്തിന് ചെവി കൊടുക്കാതെ യാത്ര കഴിഞ്ഞാവാം ഷോപ്പിംഗ് എന്നും പറഞ്ഞ് ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. മദീനയില്‍ എത്തിയിട്ടിപ്പോ 3 മാസം കഴിഞ്ഞു. സൌദിയുടെ മറ്റു ഭാഗങ്ങളെപ്പോലെയല്ല മദീന. മസ്ജിദുന്നഭവിയെ ചുറ്റിയാണ് പ്രധാന പട്ടണം. അവിടെ നിന്നും അഞ്ചെട്ട് കിലോമീറ്റര്‍ കഴിഞ്ഞാല്‍ പിന്നെ ഒറ്റപ്പെട്ട മസറകളും (ഈന്തപ്പന, പച്ചക്കറികള്‍ ,പഴങ്ങള്‍ തുടങ്ങിയവയുടെ കൃഷിയിടം), ലേബര്‍ ക്യാമ്പുകളും, വലിയ കമ്പനികളും മാത്രമേയൊള്ളൂ കാഴ്ച്ചകളായിട്ട്. ഇപ്പൊ തീര്‍ത്തും ഒരു സമശീതോഷ്ണമായ കാലാവസ്ഥയാണ് ഇവിടം. കൂട്ടുകാരുമായി ഇതാദ്യമാണ് ഒരുമിച്ചൊരു യാത്ര. തികച്ചും അവിചാരിതമായ, ആകാംഷഭരിതമായ യാത്ര...ജിന്നുകളുടെ താഴ്വരയിലേക്ക്...
റോഡിനിരുവശവും വളര്‍ന്ന് നില്‍ക്കുന്ന ചെറിയ ചെടികള്‍ മനോഹരമായ പൂക്കളെയും തലയിലേറ്റി ഈന്തപ്പനകളോട് കുശലം പറഞ്ഞിരിക്കുന്ന കാഴ്ച്ച അതി മനോഹരമാണ്. ഒരു പാട് ദൂരം ഈ കാഴ്ച്ചകള്‍ ഞങ്ങളെ മുന്നോട്ടാനയിച്ചു.പഴയ സാധനങ്ങള്‍ വില്‍ക്കുന്ന “അറാജ്” വരെയൊള്ളൂ ഈ ആറുവരിപ്പാത. പിന്നീടങ്ങോട്ട് ഡിവൈടര്‍ ഇല്ലാത്ത രണ്ടു വരിപ്പാത മാത്രമാണ്, അതാണെങ്കില്‍ വളരെയധികം അപകട സാധ്യതയുള്ളതും. എതിരെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാര്‍ ചെറുതായി ഉലയുന്നുണ്ടായിരുന്നു. ആ യാത്ര “അല്‍ ഖലീല്‍” എന്ന സ്ഥലത്തെത്തിയപ്പോഴേക്കും മുന്നില്‍ നല്ല വീതിയുള്ള നാലുവരിപ്പാത നീണ്ട് നിവര്‍ന്ന് കിടക്കുന്നു. കാല്‍ പതിയെ ആക്സിലെറ്ററില്‍ അമരാന്‍ തുടങ്ങി 80-100-120, മലകളെയും, മസറകളെയും, മണല്‍ക്കാടുകളെയും അതിവേഗം പിന്നിലാക്കി ഞങ്ങളുടെ കാര്‍ കുതിച്ചു. വിജനമായ മണല്‍ക്കാടുകളും വലിയ മലകളും നീലാകാശത്തിനു താഴെ പൊള്ളുന്ന വെയിലുമേറ്റ് ശാന്തമായി കിടക്കുകയാണ്. ഇടയ്ക്കിടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ അവയുടെ ശാന്തതയെ ശല്യപ്പെടുത്തുന്നുണ്ടായിരിക്കണം. തികച്ചും വ്യത്യസ്ഥമായ ഒരനുഭൂതിയാണ് ഞങ്ങള്‍ക്കുണ്ടായത്. മലകളെല്ലാം തന്നെ ഒരതിര് പോലെ ഒന്നിന് പിറകെ ഒന്നായി പല വലിപ്പത്തില്‍, പല നിറത്തില്‍, പല തരത്തില്‍ കണ്ണുകളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. ഏകാന്തതയുടെ ഭയവും ഭംഗിയും എന്താണെന്ന് ഒരുമിച്ചറിയാന്‍ പറ്റുന്ന സ്ഥലങ്ങള്‍.
കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് പലപ്പോഴും കാണണമെന്ന് കരുതിയിരുന്ന ആ കാഴ്ച ഞാന്‍ കണ്ടത്. സര്‍വ്വ സ്വാതന്ത്ര്യത്തോടും കൂടി ചെറിയൊരു ഒട്ടകക്കൂട്ടം മണല്‍പ്പരപ്പിലൂടെ പൂഞ്ഞയുമാട്ടി മേഞ് നടക്കുന്നു. അങ്ങകലെയുള്ള ഒന്നുരണ്ട് ചെറിയ മരങ്ങളുടെയടുത്തേക്കാണ് അവ നീങ്ങുന്നത്. കണ്ട പാടെ ഞാന്‍ വണ്ടിയൊതുക്കി മൊബൈലുമായി പുറത്തിറങ്ങി. റോഡ് മുറിച്ച് കടന്ന് അപ്പുറത്തെത്തി. ചുട്ടു പൊള്ളുന്ന മണലിലൂടെ അവയുടെ നേരെ നടന്നു നീങ്ങുമ്പോള്‍ മനസ്സു നിറയെ ആകാംഷയും അല്‍പ്പം ഭയവുമായിരുന്നു. പഞ്ഞി രോമങ്ങളുമായി തുള്ളിച്ചാടി നടക്കുന്ന കുഞ്ഞൊട്ടകങ്ങള്‍,തള്ളയുടെ അകിട്ടിലേക്ക് തല പൂഴ്ത്തി അമ്മിഞ്ഞ നുകരുകയും പരസ്പരം ചുംബിക്കുകയും ചെയ്യുന്ന മാതൃത്വത്തിന്റെ ആ നിറക്കാഴ്ച ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. മൊബൈലില്‍ ഫോട്ടോ എടുക്കുമ്പോഴും അവറ്റ എന്നെ ആക്രമിക്കാന്‍ വരുമോ എന്നാ പേടിയായിരുന്നു ഉള്ളു നിറയെ, അതിനാല്‍ തന്നെ അല്‍പ്പം കരുതലോടെയാണ് അടുത്തേക്ക് ചെന്നത്. കൂടെയുണ്ടായിരുന്നവരുടെ വിളി കേട്ട് തിരിച്ച് നടന്നപ്പോഴാണ് ഒട്ടകക്കൂട്ടങ്ങളെയും നോക്കി ഒരുപാട് ദൂരം ഞാനാ മണലിലൂടെ നടന്നിട്ടുണ്ട് എന്ന് മനസ്സിലായത്. കാറിന്റെ അടുത്തെത്തിയപ്പോഴേക്കും കിതപ്പും ദാഹവും വല്ലാതെ കൂടിയിരുന്നു.
ഒട്ടക വിശേഷങ്ങള്‍ മറ്റുളളവരുമായി പങ്കു വെക്കുമ്പോള്‍ മഹ്റൂഫിന്റെ കമന്റ് “ ഇജ്ജ് മൊബൈലുമായി വണ്ടീന്നു ഇറങ്ങി പോയതും തിരിച്ച് ഒട്ടകം അന്നെ ഓടിക്കുന്നതും വീഡിയോ എടുക്കാന്‍ ഞാന്‍ അന്‍വറിനോട് പറയായിരുന്നു’’ . അതും പറഞ്ഞ് ഒരു കൂട്ടച്ചിരിയും കഴിഞ്ഞ് ഞങ്ങള്‍ മുന്നോട്ട് നീങ്ങി. ഏറെക്കുറെ വിജനമായ പ്രദേശമാണ്, ഇടക്ക് ഞങ്ങള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലത്തിന്റെ പേര് വെച്ച ബോര്‍ഡ് കണ്ടു. മുന്നില്‍ ഇടതു വശത്തായി ചെറിയൊരു ചെക്ക് ഡാമും, മീന്‍ പിടിക്കാന്‍ ഡാമില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോര്‍ഡും. ആദ്യമൊക്കെ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ആ ഡാമില്‍ ഇപ്പോള്‍ വെള്ളം തീരെ കുറവാണ്, കൂടാതെ പട്ടണത്തില്‍ നിന്നുള്ള ഉപയോഗശൂന്യമായ വെള്ളം ഒഴുക്കി വിടാനാണ് ഇപ്പോള്‍ ഈ ഡാമും ചെറിയ തടാകവും ഉപയോഗിക്കുന്നത്. തടാകത്തിന്റെ ചുറ്റുമുള്ള പ്രദേശം വലിയൊരു മരുപ്പച്ചയായി തലയുയര്‍ത്തി നില്‍പ്പുണ്ട്. തടാകത്തില്‍ വലിയ മീനുകള്‍ ഉള്ളതിനാല്‍ ഇവിടെ മീന്‍പിടിക്കാന്‍ ധാരാളം ആളുകള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ മലിന ജലത്തില്‍ വളരുന്ന ഈ മീനുകള്‍ വില്‍പ്പനക്കെത്തുന്നതറിഞ്ഞ് ബലദിയ്യ (നാട്ടിലെ മുനിസിപ്പാലിറ്റി) വിഭാഗം മീന്‍ പിടുത്തവും തടാകത്തിലിറങ്ങുന്നതും നിരോധിച്ചിട്ടുണ്ടെന്നും തടാകത്തിലിറങ്ങിയ ബംഗാളികള്‍ മീനിന്റെ കടിയേറ്റ് ചികിത്സിക്കാന്‍ ഹോസ്പിറ്റലില്‍ വന്നിരുന്നെന്നും അന്‍വര്‍ പറഞ്ഞാണറിഞ്ഞത്. കുറെ നേരത്തെ മരുക്കാഴ്ച്ചകള്‍ക്കിടയില്‍ കണ്ട ആ തടാകവും ചുറ്റുമുള്ള പച്ചപ്പും കണ്ണിനും മനസ്സിനും ഒരു പോലെ കുളിരേകുന്നതായിരുന്നു.
കുറച്ച് ദൂരം മുന്നോട്ട് പോയപ്പോഴാണ് വിചിത്രമായ അനുഭവം ഉളവാക്കുന്ന “ത്വരീഖ് ബൈള്”എന്ന സ്ഥലത്തെത്തിയത്. ന്യൂട്രല്‍ ഗിയറില്‍ നിര്‍ത്തിയ വാഹനങ്ങള്‍ നല്ല വേഗതയില്‍ പിറകിലേക്ക് നീങ്ങുന്ന കാഴ്ച്ചയും കണ്ട് അത്ഭുതസ്ഥരായി നില്‍ക്കുന്ന വലിയൊരു ആള്‍ക്കൂട്ടം ദൂരെ നിന്ന് തന്നെ ഞങ്ങള്‍ കണ്ടു. മൂന്നാല് പ്രാവശ്യം കാര്‍ മുന്നോട്ടും പിന്നോട്ടും എടുത്ത് ഞങ്ങളും അവരുടെ കൂടെ ആ അത്ഭുത പ്രതിഭാസത്തെ ആസ്വദിച്ചു. “ഭൂമിയിലും, ആകാശത്തിലും, എന്റെ സൃഷ്ടിപ്പിലും നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്” എന്നാ ദൈവിക വചനം എന്റെ മനസ്സിലേക്കോടിക്കയറി. ഈ പ്രതിഭാസത്തിന്റെ കാരണം എന്താണെന്നതിനെ കുറിച്ച് പല വിധത്തിലുള്ള അഭിപ്രായങ്ങളാണ് ഉള്ളത്. ഭൂമിയുടെ ഗുരുത്വാകര്‍ഷണ നിയമവും, കാന്തികതയും എന്നതാണിതിന്റെ ശാസ്ത്രീയ സത്യം എങ്കിലും “ജിന്നു”കളുടെ വിഹാരമാണ് ഇതിനു കാരണമെന്നു പലരും വിശ്വസിക്കുന്നു. ശരിക്കും ജിന്നുകളുടെ താഴ്വര പോലെ ആ പ്രദേശം നമ്മെ ഭീതിപ്പെടുത്തുക തന്നെ ചെയ്യുന്നുമുണ്ട്. അത്രക്ക് എകാന്തതയാണവിടം. ഒരു മല പാറക്കെട്ടുകള്‍ മാത്രമുള്ളതാണെങ്കില്‍ മറ്റേത് ചെറിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞത്, മറ്റൊന്ന് പൂര്‍ണ്ണമായും മണല്‍ മൂടിയതാണെങ്കില്‍ അടുത്തത് ചുവന്ന മണ്ണിന്റെ കൂമ്പാരം പോലെ... ആ കാഴ്ച്ചകളെ പിന്നിലേക്കാക്കി ഞങ്ങള്‍ മുന്നോട്ട് കുതിച്ചു. ആ റോഡിന്റെ അവസാനം അതി മനോഹരമായ കാഴ്ച്ചകളാണെന്ന കൂടെയുള്ളവരുടെ അഭിപ്രായം കാറിന്റെ വേഗത കൂട്ടി.
രാത്രി കാലങ്ങളിള്‍ സ്വദേശികള്‍ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പണിതിട്ടുള്ള ചെറിയ കൂടാരങ്ങള്‍ മലകള്‍ക്ക് താഴെ തലയുയര്‍ത്തി നില്‍പ്പുണ്ടായിരുന്നു. അവരുടെ തണുപ്പ് കാലം മരുഭൂമികളിലെ കൂടാരങ്ങളിലും മറ്റുമായി കഴിച്ച് കൂട്ടാനാണവര്‍ക്കിഷ്ടം. അത്തരമൊരു രാത്രി എന്റെയും ഒരു അടങ്ങാത്ത ആഗ്രഹമാണ്. രാത്രിയില്‍ ഇവിടുത്തെ ആകാശം താരസമ്പന്നമാണെന്നും കാലാവസ്ഥ ഏറെ സന്തോഷമുളവാക്കുന്നതാണെന്നും കൂടെ ജോലി ചെയ്യുന്ന ഒരു സ്വദേശി പറഞ്ഞപ്പോഴാണറിഞ്ഞത്. റോഡിന്റെ അവസാനം ഒരു യു-ടേണ്‍ ആണ്. അവിടെ നിന്നും പിന്നെ മണലിലൂടെയും, ചെറിയ ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെയും അല്‍പ്പ ദൂരം കൂടി മുന്നോട്ട് പോവാം. ഞങ്ങളവിടെ എത്തിയപ്പോള്‍ ഒരു സ്വദേശി പൌരന്‍ അയാളുടെ ഫോര്‍വീല്‍ ജീപ്പുമായി സാഹസ പ്രകടനം നടത്തുന്നുണ്ടായിരുന്നു. ഒരു ചെറിയ മരത്തിന് താഴെ കാര്‍ നിര്‍ത്തിയിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങി. ചുറ്റും പല തരത്തിലുള്ള കൂറ്റന്‍ മലകള്‍ മാത്രം. സാഹസികരായ സന്ദര്‍ശകര്‍ അവരവരുടെ രാജ്യത്തിന്റെ പതാകകള്‍ മലയുടെ മുകളിലുള്ള വലിയ പാറകളില്‍ പെയിന്റ് ചെയ്തത് താഴെ നിന്ന് നോക്കിയാല്‍ വ്യക്തമായി കാണാം. പാകിസ്ഥാന്‍, സിറിയ, ബംഗ്ലാദേശ്, സൗദി തുടങ്ങിയ രാജ്യങ്ങളുടേതായിരുന്നു കൂടുതലും. വളരെ സാഹസപ്പെട്ടാണ് അവരത് വരച്ചിട്ടുണ്ടാകുക എന്നത് ആ മലക്ക് മുകളിലേക്ക് നോക്കിയാല്‍ തന്നെ മനസ്സിലാകും. മണല്‍ താഴ്വരക്ക് താഴെ ചെറിയൊരു കൊക്കയാണ്. ടിപ്പര്‍ ലോറി തട്ടിയ മെറ്റല്‍ പോലെ ചെറിയ കല്ലുകള്‍ ഒരു മലക്ക് മുകളില്‍ ആവരണമായി നില്‍ക്കുന്ന കാഴ്ച്ച കണ്ട് “ഇമ്മേ ആരാ ആ മലന്റെ മോളില്‍ കൊണ്ടോയി മെറ്റല് തട്ടിയെ” എന്ന കൂടെയുണ്ടായിരുന്ന അഫ്സലിന്റെ മണ്ടന്‍ ചോദ്യം ആ ഏകാന്തതയില്‍ ഒരു പൊട്ടിച്ചിരിക്ക് വകയൊരുക്കി. രാത്രിയില്‍ ചെന്നായ്ക്കളുടെയും, കുറുനരികളുടെയും ഇഷ്ട താവളമാണവിടം.
സ്വൈര്യ വിഹാരം നടത്തുന്ന ഒട്ടകക്കൂട്ടങ്ങളും, മരുപ്പച്ചയും, മരീചികയും,വിസ്മയങ്ങളായ പാറക്കെട്ടുകളും, മണല്‍ വിരിച്ച താഴ്വരക്കാഴ്ച്ചകളും, സുഖശീതളമായ കാലാവസ്ഥയും, ഭൂമിയുടെ അത്ഭുത പ്രതിഭാസവും ദര്‍ശിച്ച് നിനച്ചിരിക്കാതെ കൈ വന്ന ആ രണ്ടര മണിക്കൂര്‍ യാത്രയുടെ അവാസാനം തിരികെ ഹൈപ്പര്‍ പാണ്ടയിലേക്ക്, ബിഗ് സൈല്‍ ഓഫറിനായ്....
2014 ജനുവരി 30, വ്യാഴാഴ്‌ച
അല്‍ സുബൈര്‍ കോട്ട -മദീന മുനവ്വറ
ഫീല്‍ഡ് വര്‍ക്കിനായി മീഖാതിലേക്ക് പോകും വഴി കൂടെയുണ്ടായിരുന്ന മുഹമ്മദ്ക പറഞ്ഞാണ് ഞാനീ കോട്ട ആദ്യമായി കാണുന്നത്.കോട്ടയെപ്പറ്റിയുള്ള ചെറിയൊരു വിവരണവും അദ്ദേഹം ആ യാത്രയില്‍ നല്‍കുകയുണ്ടായി.അതിനു മുന്നിലൂടെ പല പ്രാവശ്യം പോയപ്പോഴും അവിടെയൊന്ന് ചുറ്റിക്കറങ്ങാന്‍ ആദ്യമൊന്നും തോന്നിയിരുന്നില്ല. ഇടിഞ്ഞു പൊളിഞ്ഞു വീണ ഒരു വലിയ ചുമര്‍മാത്രമേ റോഡില്‍ നിന്നും കാണുന്നുള്ളൂ അത്രയേ ഉള്ളൂ എന്ന് കരുതി വിട്ടതാണ്. എന്നാല്‍ ഇന്നത്തെ ജോലി ആ കോട്ടയുടെ അടുത്തുള്ള ഒരു കമ്പനിയിലായതിനാല്‍ ഒന്ന് കണ്ട് നോക്കാം എന്ന് കരുതി ഞങ്ങളവിടേക്ക് ചെന്നു. പരിശുദ്ധ ഹറമില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ യാംബൂ റോഡില്‍ വലിയൊരു ഫുട്ബാള്‍ മൈതാനത്തിനു പിറകിലായാണ് കോട്ട സ്ഥിതി ചെയ്യുന്നത് . കമ്പി വലയുപയോഗിച് കോട്ടക്ക് ചുറ്റും തീര്‍ത്ത വേലിക്കെട്ടിനകത്തായി പൊളിഞ്ഞു വീണ കോട്ടയുടെ ഇനിയും തകരാത്ത ഒരു ചുമര്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
മദീനയില്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയുടെ ബാക്കിപത്രമായി കോട്ടക്കകത്ത് അങ്ങിങ്ങായി വെള്ളം തളം കെട്ടി നില്‍ക്കുന്നുണ്ട്. 1500 ഓളം വര്‍ഷം പഴക്കമുള്ള ഈ കോട്ട ഇപ്പോഴും നിലനിര്‍ത്തുകയും, കോട്ടയെപ്പറ്റിയുള്ള ചെറിയൊരു വിശദീകരണവുമായി സൗദി പുരാവസ്തു വകുപ്പിന്റെ രണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചതുമൊഴിച്ചാല്‍ മറ്റൊരു പ്രാമുഖ്യവും അവരതിന് നല്കിയിട്ടില്ല എന്ന് വ്യക്തമാണ്. സഞ്ചാരികള്‍ ആ വഴി വല്ലപ്പോഴുമേ വരാറൊള്ളൂ എന്നത് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. കളിക്കിടെ വേലിക്കെട്ടിനപ്പുറത്തേക്ക് തെറിക്കുന്ന പന്തെടുക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു പഴുതിലൂടെ ഞങ്ങള്‍ കോട്ടക്കകത്തേക്ക് കയറി. പുറമേ നിന്നും കാണുന്ന കാഴ്ച്ചയായിരുന്നില്ല അകത്ത്.2 ഏക്കറോളം പരന്ന് കിടക്കുന്ന വലിയൊരു കോട്ടയായിരുന്നു അത്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ.അ ) ഭാര്യ ആയിശ (റ) യുടെ സഹോദരിയും ആദ്യ ഖലീഫ അബൂബക്കര്‍ സിദ്ധീക്കിന്റെ (റ) മകളുമായ അസ്മ (റ) യുടെ ഭര്‍ത്താവായ സുബൈര്‍ (റ) എന്ന ധനികനായ സ്വഹാബി നിര്‍മ്മിച്ചതായിരുന്നു ഈ കോട്ട.ഒരു വലിയ വീടും, കിണറും,വിശാലമായ ചുറ്റുമതിലിനിടക്ക് നിര്‍മ്മിച്ച മനോഹരമായ കവാടങ്ങളും ഈ കോട്ടയെ മനോഹരമാക്കിയിരുന്നു. വലിയ കല്ലുകളാല്‍ തീര്‍ത്ത ചുമരുകളും മണ്ണും മറ്റെന്തൊക്കെയോ മിശ്രിതങ്ങളും ഉപയോഗിച്ച് തേച്ച ചുമരുകളും ഇപ്പോഴും കോട്ടക്കകത്തുള്ള വീട്ടില്‍ വലിയ കേടുപാടുകള്‍ കൂടാതെ നില്ക്കുന്നുണ്ട് എന്നത് തന്നെ ആ കാലഘട്ടത്തിലെ നിര്‍മ്മാണ രീതി എത്ര കണ്ട് മികച്ചതായിരുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ്.
പ്രത്യേകം വേര്‍തിരിച്ച മുറികള്‍ , ഗോവണി, കവാടങ്ങള്‍, തേച്ച് മിനുസപ്പെടുത്തിയ മേല്‍ക്കൂര തുടങ്ങിയവ തുര്‍ക്കി നിര്‍മ്മാണ രീതിയില്‍ പണിതിട്ടുള്ളതാണ്.കോട്ടക്കകത്തെ തകര്‍ന്ന ഈ വീടൊഴികെ മറ്റെല്ലാം മരുക്കാറ്റിനും ,കഠിനമായ ഋതു ഭേദങ്ങള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ നശിച്ചു പോയിരിക്കുന്നു.അകലെ തലയുയര്‍ത്തി നില്‍ക്കുന്ന മല നിരകള്‍ ഒരു പക്ഷെ എല്ലാത്തിനും ഒരു മൂകസാക്ഷിയായി നിലകൊണ്ടിരുന്നിരിക്കാം.ഇസ്ലാമിക ചരിത്രത്തിന്റെ ഒരു ശേഷിപ്പായി ഇന്നും നില നില്‍ക്കുന്ന ഈ കോട്ട സഞ്ചാരികളോടായി പലതും പങ്ക് വെച്ചിട്ടുണ്ടാവാം..തികച്ചും അപ്രതീക്ഷിതമായ ഈ കാഴ്ച്ച നല്ലയൊരു അനുഭൂതിയാണ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്.

2013 ഡിസംബർ 10, ചൊവ്വാഴ്ച
പൊക്കനാളിലെ കാളപ്പൂട്ട് ......
ഒരു യാത്രികന് കുളിരുള്ള കാഴ്ച്ചകള്‍ സമ്മാനിക്കുന്നത് ഗ്രാമങ്ങളാണെന്നാണ് എന്റെ വിശ്വാസം ..അതു കൊണ്ടു തന്നെ ഏതു യാത്രയിലും ഞാന്‍ നന്നായി ആസ്വദിക്കാറുള്ളതും എനിക്ക് ആനന്ദം നല്കിയിരുന്നതും ഗ്രാമീണ കാഴ്ച്ചകള്‍ തന്നെയായിരുന്നു. ഓരോ നാടിന്റെയും വിവിധങ്ങളായ ഗ്രാമീണ ഭംഗി വിവരണങ്ങള്‍ക്കതീതമാണ്. പച്ചപുതച്ചു കിടക്കുന്ന വയലേലകളും, മരങ്ങളും, പൂക്കളും, നാട്ടുവഴികളും,കവലകളും അങ്ങിനെ എത്രയെത്ര മനോഹരമായ കാഴ്ച്ചകളാണ് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ആധുനികത ഗ്രാമങ്ങളുടെ കഴുത്തറുത്തപ്പോഴൊക്കെ നേരിട്ടോ അല്ലാതെയോ നമ്മളും അതില്‍ പങ്കു ചേര്‍ന്നിരുന്നില്ലേ ?ഒടുവില്‍ അക്ഷരക്കൂട്ടുകളോടൊപ്പം മനസ്സിലൂടെ മിന്നിമറയുന്ന ഒരു ഗൃഹാതുരത്വമായി അവ മാറിപ്പോയിക്കൊണ്ടിരിക്കുന്നു.
![]() |
| എന്‍റെ പഴയ വീട്..ഒരു ദൂരക്കാഴ്ച്ച |
പതിവില്‍ നിന്നും വേറിട്ട് എന്തെങ്കിലും എഴുതണമെന്ന ചിന്തയ്ക്ക് തിരികൊളുത്തിയത് സുഹൃത്തിന്റെ ഫേസ്ബുക്കില്‍ കണ്ട ഒരു വീഡിയോ ക്ലിപ്പായിരുന്നു.ഒരു കാളപ്പൂട്ടിന്റെ ആവേശം...ഒഴുകൂര്‍ എന്ന എന്റെ ഗ്രാമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കിഴിശ്ശേരി എന്ന ചെറു പട്ടണത്തില്‍ നിന്നും ഒരു കിലോമീറ്ററകലെ മഞ്ചേരി റോഡില്‍ പൊക്കനാള്‍ എന്ന പ്രദേശം.കാളപ്പൂട്ടു മത്സരങ്ങള്‍ക്ക് വേദിയൊരുക്കിയാണ് പൊക്കനാള്‍ പുറംദേശത്തുകാര്‍ക്ക് ചിരപരിചിതമാകുന്നത്. ഇത്തവണത്തെ മത്സരം കഴിഞ്ഞ വാരം വിപുലമായിത്തന്നെ കൊണ്ടാടി.മത്സരം എന്നതിലുപരി ഒരാഘോഷം എന്ന് പറയുന്നതായിരിക്കും നന്നാവുക. അത്രയധികം ആവേശവും വാശിയും ഉളവാക്കുന്നതാണ് ഈ മത്സരങ്ങള്‍.ഒന്ന് രണ്ടു തവണ ഞാനും പോയിട്ടുണ്ട്.ആദ്യമായി കാളപ്പൂട്ടു മത്സരം വീക്ഷിച്ചതും ഇവിടെ നിന്ന് തന്നെയായിരുന്നു.ആ കാര്യത്തില്‍ എന്റെ ജ്യേഷ്ഠന്‍ ഭാഗ്യവാനാണ്. ഡ്രൈവറായത് കൊണ്ട് അയല്‍വാസിയായ അബൂബക്കറാക്കാന്റെ കാളക്കുട്ടന്മാരുമായി ഒരു പാട് മത്സരങ്ങള്‍ക്ക് പോകാനായി.ആ ആവേശം കൊണ്ട് തന്നെയാവും ഒരിക്കല്‍ തൊട്ടടുത്ത പ്രദേശത്ത് മുടികളയല്‍ ചടങ്ങിന് അറുക്കാനായി കൊണ്ടുവന്ന പോത്ത് വിരണ്ടോടി ഞങ്ങളുടെ നാട്ടിലെത്തിയപ്പോള്‍ അതിനെ പിടികൂടാനായി അടുത്ത് ചെന്നത് .പോത്താണെങ്കി വിരണ്ടോടിയതിന്റെ ആവേശം അവന്റെ നെഞ്ചത്തിട്ട് തീര്‍ക്കുകയും ചെയ്തു.
നമുക്ക് പോക്കനാളിലേക്ക് പോകാം.പലരുടെയും വീട്ടുമുറ്റത്തൂടെയും, തൊടിയിലൂടെയും നടന്നു സുഹൃത്തുക്കളുമായി അവിടെയെത്തിയപ്പോഴേക്കും മത്സരം ഒരു റൌണ്ട് പിന്നിട്ടിരുന്നു.വെറ്റിലക്കൊടി പടര്‍ന്നു കയറിയ മുളങ്കാലുകള്‍ക്ക് താഴെ താല്‍ക്കാലിക പന്തലുകളില്‍ പലതരം കച്ചവടങ്ങള്‍ പൊടി പൊടിക്കുകയാണ്. കട്ടന്‍ കാപ്പിയും,കുലാവിയും (ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന പായസം), ഓംലെറ്റും,നെയ്യപ്പം,ഉണ്ണിയപ്പം തുടങ്ങിയ എണ്ണക്കടികളും, ഊണും, ബിരിയാണിയും വരെ. കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അതിഗംഭീരമായ അനൗണ്‍സ്മെന്റും. ഇടയ്ക്കു കവുങ്ങിന്‍ തോട്ടങ്ങള്‍ക്കിടയിലായി മുറുക്കാന്‍ കൂട്ടുമായി കുറച്ചു മധ്യവയസ്കരും. ഒരു മുറുക്കാന്‍ കൂട്ടും വായിലിട്ടു ചവച്ച് മുന്നോട്ടു നീങ്ങി.അവിടെ പാലക്കടാന്‍ വെട്ടുകത്തി, കൊയ്ത്തരിവാള്, മൂക്കു കയര്‍, മൂക്കു കുത്താനുപയോഗിക്കുന്ന ഇരുമ്പ് കമ്പി, ചില്ലറ കൃഷിയായുധങ്ങള്‍ എന്നിവയുമായി മൂന്നാലു കച്ചവടക്കാര്‍. അവര്‍ക്കു ചുറ്റും വിലപേശലും,കത്തിയുടെ മൂര്‍ച്ച നോക്കലുമായി "കത്തി" വെച്ചിരിക്കുന്ന ചെറിയൊരാള്‍ക്കൂട്ടം.അവരെയും കടന്നു മുന്നോട്ടു നീങ്ങി.
പ്രത്യേകം ബണ്ട് കെട്ടി മുട്ടിനു താഴെ വരെ വെള്ളംകെട്ടി നിര്‍ത്തിയ താരതമ്യേന വലിയൊരു പാടം. പാടവരമ്പിനു ചുറ്റും ആര്‍പ്പുവിളികളുമായി വലിയൊരു പുരുഷാരം. ചേറില്‍ കുളിച്ച ഒറ്റമുണ്ടുമുടുത്തു മത്സരങ്ങള്‍ക്ക് തയ്യാറായി നില്ക്കുന്ന കാളക്കൂറ്റന്മാരെ മൂക്കുകയറില്‍ പിടിച്ച് അടക്കിനിര്‍ത്തി നില്‍ക്കുകയാണ് കയ്യാളുകള്‍.
ഊഴത്തിനനുസരിച്ച് കണ്ടത്തിലിറങ്ങുന്ന കാളകളുടെ പിരടിയില്‍ നുകപ്പാത്തി വെച്ച് പരസ്പരം ബന്ധിപ്പിച് വിസിലിനായി ശ്രദ്ധയോടെ കാത്തുനില്‍ക്കുമ്പോ കാണികളെല്ലാം നിശ്ശബ്ധമായി.വിസിലടിച്ച ഉടനെ നുകത്തിലേറിയ ഒറ്റമുണ്ടുടുത്ത ആള്‍ (കാളയുടെ "ഡ്രൈവര്‍") കാളക്കൂറ്റന്‍മാരുടെ വാല്‍ പിടിച്ചു തിരിച്ചതും ഒറ്റക്കുതിപ്പയിരുന്നു.കൂടി നിന്ന പുരുഷാരത്തിന്റെ ആര്‍പ്പു വിളികള്‍ക്കനുസരിച്ച് ഇരുവശത്തേക്കും ചേറുവെള്ളം തെറിപ്പിച്ചു കൊണ്ടുള്ള ആ ഓട്ടം...അതൊരു കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു. ഇടയ്ക്കു വേഗത കൂട്ടാനായി "ഡ്രൈവര്‍" കാളകളുടെ വാലില്‍ അമര്‍ത്തിക്കടിക്കുന്നത് കുറച്ചു വിഷമത്തോടെയാണെങ്കിലും ഒരു രസകരമായ കാഴ്ച്ചതന്നെയായിരുന്നു.
കൂടെയുള്ളവര്‍ കാളകള്‍ക്കു സമാന്തരമായി വലംവെച്ചോടുന്നതും ചെളിവെള്ളത്തില്‍ മറിഞ്ഞു വീഴുന്നതും, പിടഞ്ഞെണീറ്റ് വീണ്ടുമോടുന്നതും...കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന ഒരു ഗ്രാമീണ കാഴ്ച്ച. ഇത്തരം ആവേശക്കാഴ്ച്ചകള്‍ തന്നെയാണ് ഈ ഉത്സവങ്ങളെ നെഞ്ചോടേറ്റുന്നതും നില നിര്‍ത്തുന്നതും. വയലുകള്‍ കോണ്‍ക്രീറ്റ് കാടുകള്‍ക്ക് വഴിമാറിയ ഈ ഉത്തരാധുനികതയിലും ചില ഗ്രാമങ്ങളിലെങ്കിലും ഇത്തരം ഉത്സവങ്ങള്‍ ഇന്നും നിലനില്ക്കുന്നു എന്നത് ചെറിയൊരു ആശ്വാസമാണ്...
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
2013 ഡിസംബർ 8, ഞായറാഴ്‌ച
കൊഴിഞ്ഞാമ്പാറയിലെ കോഴിപ്പോര് ..
പാലക്കാട് ജില്ലയില്‍, ചിറ്റൂര്‍ താലൂക്കില്‍, പശ്ചിമഘട്ടത്തിലെ ആനമലക്കും നീലഗിരിമലക്കും ഇടയില്‍ പാലക്കാട് ചുരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊഴിഞ്ഞാമ്പാറ. ഉയരംകുറഞ്ഞ കുന്നിന്‍ മുകളിലുള്ള താരതമ്യേന നിരപ്പായ പ്രദേശങ്ങളും ചെരിഞ്ഞ പ്രദേശങ്ങളും ഇവിടെ കാണാം. ഒരു കവി പറഞ്ഞതുപോലെ അഴക് തമിഴും മനോഹര മലയാളവും അക്കാളും തങ്കയും പോല്‍ നടമാടുന്ന സംസ്കാരമുള്ള പ്രദേശമാണ് കൊഴിഞ്ഞാമ്പാറ. കൃഷ്ണപുരം ചന്തപ്പേട്ട എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ആദ്യം ചിന്ന കൊഴിഞ്ഞാമ്പാറ എന്നും പിന്നീട് കൊഴിഞ്ഞാമ്പാറ എന്നും പേരുണ്ടായി. പത്താം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ പ്രദേശത്തുകൂടി കടന്നുപോയിട്ടുണ്ട്. ഈ പടയോട്ടത്തെ ഭയന്ന് അന്നത്തെ ആളുകള്‍ ഈ പ്രദേശത്തെ പല പാറകളിലും ഒളിച്ചിരുന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഒളിച്ചിരുന്ന പാറ അങ്ങനെ ഒഴിഞ്ഞാന്‍ പാറയായി മാറി. പിന്നീട് ഈ പേര് കൊഴിഞ്ഞാമ്പാറയായിത്തീര്‍ന്നു.വടുകന്‍കുളമ്പ് സുബ്രഹ്മണ്യക്ഷേത്രം, കൊഴിഞ്ഞാമ്പാറ ശിവക്ഷേത്രം, കാക്കരപ്പതി ഭഗവതീക്ഷേത്രം എന്നിവയ്ക്ക് ഏകദേശം മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുണ്ട്. തമിഴ്-മലയാള സമ്മിശ്ര സംസ്ക്കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്. പഴയ നാടന്‍ കലാരൂപങ്ങളില്‍ ഇന്ന് ശൂരസംഹാരം മാത്രമേ നിലനില്‍ക്കുന്നുള്ളു. പുരാതന നാടന്‍കലകളായ പൊറാട്ടുകളി, മൂന്നു രാജാക്കൂത്ത് എന്നിവ ഇപ്പോഴും തുടരുന്നു. കരകാട്ടം, മയിലാട്ടം ചിക്കാട്ടം, കുമ്മി, ഒപ്പാരി എന്നീ നാടന്‍കലാരൂപങ്ങളും നിലവിലുണ്ട്. ഈ പ്രദേശത്തെ പ്രധാന ഉത്സവമായ പൊങ്കല്‍ നാലു ദിവസമായാണ് ആഘോഷിക്കുന്നത്. ചന്ദനഉറൂസ് അഥവാ ചന്ദനക്കുടം എന്ന മുസ്ളീം മതക്കാരുടെ ആഘോഷം കൊഴിഞ്ഞാമ്പാറയില്‍ ആഘോഷിക്കുന്നത് പരീദ് ഔലിയാ എന്ന ജ്ഞാനിയുടെ നാമധേയത്തിലാണ്.
കൊഴിഞ്ഞാമ്പാറയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ എലിപ്പാറയിലാണ് ഞാന്‍ ജോലി ചെയ്തിരുന്ന അഹല്യ കണ്ണാശുപത്രി. ആയുര്‍വേദ ആശുപത്രി , സ്കൂള്‍,കണ്ണാശുപത്രി,ഹെരിറ്റെജ് വില്ലജ്, മാനേജ്‌മന്റ് ആന്‍ഡ് എഞ്ചിനീയറിംഗ് കോളേജ് , ഹെര്‍ബല്‍ ഗാര്‍ഡന്‍ തുടങ്ങി ഒട്ടനവധി സംരംഭങ്ങള്‍ ആ വിശാലമായ ക്യാമ്പസിനകത്തുണ്ട്. തലയുയര്‍ത്തി നില്ക്കുന്ന കരിമ്പനകളുടെ ഇടയില്‍ പ്രകൃതി സൌന്ദര്യം അതേപടി നിലനിര്‍ത്തി ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു നിര്‍മ്മാണ രീതിയാണ് അഹല്യ മാനേജ്മെന്റ് കൈക്കൊണ്ടത്.മാര്‍ക്കറ്റിംഗ് എക്സിക്യുട്ടിവായിരുന്നതിനാല്‍ അധികനേരവും ഫീല്‍ഡ് വര്‍ക്കായിരുന്നു.ചിറ്റൂര്‍,തത്തമംഗലം,വേലന്താവളം,നെന്മാറ,കൊല്ലങ്കോട്,ശ്രീകൃഷ്ണപുരം തുടങ്ങിയ സ്ഥലങ്ങളായിരുന്നു എന്റെ ഏരിയ.നെല്ലറയുടെ നാട്ടിലൂടെയുള്ള ബസ് യാത്രകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.
അതിമനോഹരമാണ് ചിറ്റൂരിലെ ഗ്രാമങ്ങള്‍. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നിന്നും കറ്റയുമായി പാടവരമ്പിലൂടെ നടന്നു പോകുന്ന പണിക്കാരത്തിപ്പെണ്ണുങ്ങള്‍ പാലക്കാടിന്റെ ഗ്രാമീണത്വം തുളുംബുന്ന ന്ന ഒരു കാഴ്ച്ചതന്നെയാണ്, തറി ഉപയോഗിച്ചുളള പരമ്പരാഗത വസ്ത്ര നെയ്ത്ത് ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. കൊല്ലങ്കോട്ടിലൂടെയുള്ള യാത്രകളില്‍ എന്നെ തഴുകിത്തലോടിയിരുന്ന ഇളം ചുടുകാറ്റിനു പഴയ രാജവംശത്തിന്റെ വീരകഥകള്‍ ഒത്തിരി പറയാനുണ്ടായിരുന്നു.കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ദിച് പുറപ്പെടുന്ന ചെമ്പട്ടണിഞ്ഞ കോമരങ്ങള്‍ ഇവിടുത്തെ പഴക്കമേറെ ചെന്ന ഒരു കാഴ്ച്ചയാണ്. ഇവിടങ്ങളിലെ നാടന്‍ ഭക്ഷണ ശാലകളിലെ തൈര് വടയും ഇഡഡലിക്കൊപ്പം വിളമ്പുന്ന ചമ്മന്തിപ്പൊടിയും ഏറെ രുചികരവും ഗ്രഹാതുരത്വം ഉളവാക്കുന്നതുമായിരുന്നു.
എന്റെയുള്ളിലെ യാത്രക്കാരനെ അടക്കിനിര്‍ത്താന്‍ ഞാനൊരുക്കമായിരുന്നില്ല. ആയിടക്കാണ് കൊഴിഞ്ഞാമ്പാറയുടെ കിഴക്കന്‍ മേഖലയിലെ, പൊള്ളാച്ചിയോടു ചേര്‍ന്ന് കിടക്കുന്ന ഏതോ ഒരു ഗ്രാമത്തില്‍ കോഴിപ്പോര് നടക്കാറുന്ടെന്നറിഞ്ഞത്. ഒരു ദിവസം നെന്മാറക്കാരനായ ഒരു സുഹൃത്തിനെയും കൂട്ടി ഞങ്ങള്‍ അവിടേക്ക് പോയി .ഒരുപാട് തമിഴ് സിനിമകളില്‍ എത്രയോ തവണ ഈ കോഴിപ്പോരു കണ്ടിരിക്കുന്നു.ഇന്നിപ്പോ അത് നേരിട്ട് കാണാന്‍ ഒരവസരം വന്നിരിക്കുന്നു .
ഒരുപാട് അന്വേഷണങ്ങള്‍ല്‍ക്കൊടുവില്‍ ഞങ്ങളവിടെയെത്തി. നിയമം മൂലം നിരോധിക്കപ്പെട്ട രക്തപങ്കിലമായ മത്സരമാണെങ്കിലും ഇവിടങ്ങളിലെ ഭൂപ്രഭുക്കന്മാരുടെയും ഗ്രാമീണരുടെയും വീറും വാശിയും തെളിയിക്കുന്നത് ഇരുതല മൂര്‍ച്ചയുള്ള ചെറിയ കത്തികള്‍ കാലില്‍കെട്ടി പരസ്പരം അങ്കം വെട്ടുന്ന ഈ പൂവന്മാരിലൂടെയായിരുന്നു. അങ്കക്കളത്തിനു ചുറ്റും വാതുവെപ്പുകള്‍ തകൃതിയായി നടക്കുന്നുണ്ട്. "ഇവങ്കെയാരാടാ പുതു പസങ്ക" എന്ന രീതിയിലുളള അവരുടെ നോട്ടം ഞങ്ങളില്‍ തെല്ലൊരു ഭയം ഉളവാക്കി.എങ്കിലും ധൈര്യസമേതം ഞങ്ങളാ ആടുകളത്തിനടുത്തെക്ക് ചെന്നു.ആര്‍പ്പു വിളികളോടെ പന്തയക്കോഴികളെ തമ്മിലടിപ്പിക്കുന്നതും ഹരം കണ്ടെത്തുന്നതും മലപ്പുറത്തെ ആള്‍ക്കാര്‍ക്ക് ഫുട്ബോള്‍ കളിയോടുള്ള കമ്പം പോലെ അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒന്നായിരുന്നു.
എതിരാളി, വിജയിയുടെ ആശ്രിതര്‍ക്കുള്ള സൈഡ് ഡിഷാണ്. ഏകദേശം 5 മുതല്‍ 7 കിലോയോളം വരുമത്രേ അങ്കക്കൊഴികളുടെ ഭാരം. പൊടി പറത്തിയുള്ള ആ പോരാട്ടം 20 മിനുട്ടോളം നീണ്ടു നിന്നു. കൂടെയൊരു ഡിജിറ്റല്‍ ക്യാമറ ഇല്ലാതിരുന്നത് അക്കാലത്തെ യാത്രകളുടെ ഒരു വലിയ പോരായ്മയായിരുന്നു. അങ്കക്കാഴ്ച്ചകള്‍ക്ക് വിരാമമിട്ടു ഞങ്ങളവിടെനിന്നും അടുത്ത അങ്കത്തിനായി പുറപ്പെട്ടു...
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)











































.jpg)
