2013 ഡിസംബർ 7, ശനിയാഴ്‌ച

മനം മയക്കുന്ന മണാലി...


കുളുവിലെ മനം മയക്കുന്ന കാഴ്ച്ചകളും,സാഹസിക യാത്രയും, ഷോപ്പിങ്ങും കഴിഞ്ഞ് ഞങ്ങള്‍ മൂവരും  നേരെ പോയത് മണാലിയുടെ മടിത്തട്ടിലേക്കാണ് ...കുളുവില്‍  നിന്നും വടക്കോട്ട്‌ 40 കിലോമീറ്റര്‍ ,ലേഹിലേക്ക് നീണ്ടു പോകുന്ന ഹൈവേയിലെ അവസാന താഴ്വാരം ,അത്ഭുതാവഹമായ പ്രകൃതി ദൃശ്യം, ചുറ്റും മഞ്ഞുതൊപ്പിയണിഞ്ഞ ഗിരിനിരകള്‍, മഞ്ഞുകണങ്ങളെ മാറിലൊതുക്കി പട്ടണത്തെ ചുറ്റിപ്പിണര്‍ന്നൊഴുകുന്ന വ്യാസ് നദി, സഞ്ചാരികളുടെ  സ്വപ്നഭൂമിയായ  മണാലിയിലേക്ക് ...

ഏതൊരു ദേശത്തിന്റെയും യഥാര്‍ത്ഥ സൌന്ദര്യം കുടിയിരിക്കുന്നത് ഗ്രാമങ്ങളിലാണെന്നാണ് എന്റെ പക്ഷം.മണാലിയുടെ ഗ്രാമീണത നിറഞ്ഞു നില്ക്കുന്ന 'വശിഷ്ട്ട്' എന്ന ഗ്രാമത്തിലേക്കായിരുന്നു ഞങ്ങളുടെ ആദ്യയാത്ര. വ്യാസ് നദിക്കരയിലെ ഒരു കൊച്ചു ഗ്രാമം.വരിവരിയായി തലയുയര്‍ത്തി നില്ക്കുന്ന പൈന്‍ മരങ്ങള്‍ "പെര്‍സിമ്മൊണ്‍"പഴത്തോട്ടങ്ങള്‍ക്കു ചുറ്റും ഒരു  വേലിപോലെ തോന്നിച്ചു. അകലെ ചെറിയൊരു പാടത്തായി വിളവെടുത്ത ഉരുളക്കിഴങ്ങുകള്‍ ചാക്കുകളില്‍ നിറക്കുന്ന പണിക്കാര്‍.. വഴിക്കിരുവശവുമുള്ള ദേവദാരു മരങ്ങളില്‍ നിന്നും ഇടയ്ക്കിടെ പൊഴിഞ്ഞു വീഴുന്ന മഞ്ഞുതുള്ളികള്‍ കൈക്കുമ്പിളിലാക്കി മുഖം തടവിയപ്പോള്‍ ഒരു പ്രത്യേക ഉന്മേഷം കിട്ടിയത് പോലെ എനിക്ക് തോന്നി.ഈ നാട്ടുവഴിയില്‍ നിന്നും നോക്കിയാല്‍ അകലെ രൊഹ്താങ്ങ് ചുരത്തിലേക്കുള്ള മഞ്ഞു മൂടിയ പാതകള്‍ മലമുകളില്‍ ആരോ കോലം വരച്ചത് പോലെ ഒരു വിദൂര ദൃശ്യമായി കാണാം.

പൌരാണികക്ഷേത്രങ്ങള്‍ക്കും"ചൂടുനീരുറവക്കും"പ്രസിദ്ധമാണ്ഈഗ്രാമം.
വശിഷ്ടമുനിയുടെ സൂചിസ്‌തംഭാകാരാകൃതിയിലുള്ള ശിലാ ക്ഷേത്രം,  ശ്രീ രാമക്ഷേത്രം..പിന്നെയും കുറേയധികം ക്ഷേത്രങ്ങള്‍ ആ കൊച്ചുഗ്രാമത്തെപ്രസിദ്ധമാക്കുന്നു..എത്രതണുത്തകാലാവസ്ഥയിലും പ്രകൃതിദത്തമായ ചൂടുവെള്ളം മാത്രം ലഭിക്കുന്ന ഒരു നീരുറവ അത്ഭുതകരമായ ഒരനുഭവമാണ് ഞങ്ങള്ക്ക് സമ്മാനിച്ചത്‌..സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുളിക്കാനായുള്ള സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ട് ഇവിടെ.അതിനാല്‍ തന്നെ സഞ്ചാരികളുടെ നല്ല തിരക്കാണിവിടെ എപ്പോഴും.കുളിക്കാന്‍ നില്ക്കാതെ അടുത്തയിടംതേടി ഞങ്ങളിറങ്ങി.ഹോട്ടലുകാര്‍ ഒരുക്കിത്തന്ന ആള്‍ട്ടോ കാറിലാണ് മണാലിയിലെ ഞങ്ങളുടെ കറക്കം.അതിശൈത്യ പ്രദേശമായതിനാലാവാം 90 ശതമാനം  ചെറുവാഹനങ്ങളും പെട്രോളിലോടുന്നവയായിരുന്നു.ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകളും കാഴ്ച്ചകളും വിവരിക്കുന്നതില്‍ പൂര്‍ണ്ണത കൈവന്ന ഓരാളായിരുന്നു ഞങ്ങളുടെ ഡ്രൈവര്‍...യാത്ര കഴിഞ്ഞ് നാട്ടിലെത്തിയതിനു ശേഷവും അയാള്‍ ഞങ്ങളെ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയിരുന്നു.

മണാലിയിലെ മറ്റൊരു പ്രധാന വിനോദ സ്ഥലത്തേക്കായിരുന്നു അടുത്ത യാത്ര ... ഹിടിമ്പ ദേവിയുടെ ദൂങ്കിരി ക്ഷേത്രം. ചരിത്രപരമായും പുരാവസ്‌തുശാസ്‌ത്രപരമായും ഏറെ പ്രസിദ്ധിയാര്‍ജിച്ച ക്ഷേത്രം.ദേവദാരു മരങ്ങള്‍ക്കിടയിലൂടെ അല്‍പ്പദൂരം നടന്നു വേണം ക്ഷേത്രത്തിലെത്താന്‍. പരമ്പരാഗത വേഷമണിഞ്ഞ ഒരു വൃദ്ധ വെള്ളക്കമ്പിളി പുതച്ച ഒരു വലിയ മുയലിനെയും മാറത്തടുക്കിപ്പിടിച്ചു സഞ്ചാരികളെയും കാത്ത് ക്ഷേത്ര  വഴിയില്‍ നില്പ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടനെ അവര്‍  അടുത്തേക്ക് വന്നു ..ഞങ്ങളാ മുയലിനെ തൊട്ടും തലോടിയും നിന്നു.ഫോട്ടോയെടുക്കാന്‍ തുനിഞ്ഞ എന്നെ ആ സ്ത്രീ കൈയാട്ടി വിലക്കി. 20 രൂപ കൊടുത്താലേ മുയലിനൊപ്പം ഫോട്ടോയെടുക്കാന്‍ സമ്മതിക്കുകയൊള്ളൂ എന്ന് പറഞ്ഞപ്പോള്‍  അതും സമ്മതിച്ച് പല പോസുകളിലും  ഞങ്ങള്‍  ഫോട്ടോയെടുത്തു.കൂട്ടത്തില്‍  ആ വൃദ്ധയെയും ഒന്ന് പോസ് ചെയ്യിപ്പിച്ചു..മുകളിലേക്കുള്ള വഴികളിലെല്ലാം അങ്ങിങ്ങായി ഇത്തരം സ്ത്രീകള്‍ മുയലുമായി നില്‍പ്പുണ്ടായിരുന്നു..ക്ഷേത്രമുറ്റത്ത് നിറയെ ആള്‍ക്കാരുണ്ടായിരുന്നു.മാനിന്റെയും യാക്കിന്റെയും കൊമ്പുകള്‍ ക്ഷേത്രച്ചുമരുകളെ അലങ്കരിച്ചിരുന്നു..മൂന്നു തട്ടുകളിലായി നിര്‍മ്മിച്ച  ഈ പുരാതന ക്ഷേത്രത്തിന് ഒരുപാട് പൌരാണിക ഇതിഹാസങ്ങള്‍ സഞ്ചാരികളോട്പങ്കുവെക്കാനുണ്ടായിരുന്നു.


ക്ഷേത്രത്തിന്റെ തോട്ടപ്പുറത്തായി ഒരു ചെറിയ മൈതാനത് നിറയെ ആള്‍ക്കാര്‍  കൂടിനില്‍പ്പുണ്ടായിരുന്നു .ഒരു അത്യപൂര്‍വ കാഴ്ച്ചയാണ് ഞങ്ങളവിടെ കണ്ടത് "ഹിമാലയന്‍ യാക്ക്".ആദ്യമായിട്ടാണ് ഞങ്ങള്‍ യാക്കിനെ കാണുന്നത് .പരമ്പരാഗത വേഷമണിഞ്ഞ 2 കുട്ടികള്‍ അതിന്റെ പുറത്തിരിക്കുന്നു. തെല്ലു ഭയത്തോടെയാണെങ്കിലും 2 പേരും നല്ല സന്തോഷത്തിലാണ് . യാത്രികരെ ഹിമാച്ചലുകാരുടെ പരമ്പരാഗത വേഷം അണിയിപ്പിക്കുന്ന ഒരു സ്ത്രീയെ കണ്ടു ഞങ്ങള്ങ്ങോട്ടെക്ക് ചെന്നു .ദേ കിടക്കുന്നു ഹിമാച്ചലുകാരുടെ പരമ്പരാഗത വേഷമണിഞ്ഞ ഒരു മലയാളി കുടുംബം. 30 രൂപ കൊടുത്ത് കുറച്ചു നേരത്തേക്ക്‌ ഞാനും ഹിമാച്ചലുകാരനായി മാറി   .മലയാളി കുടുംബത്തോട്കുശലാന്വേഷണങ്ങള്‍ നടത്തി കൂടെ ഒരു ഫോട്ടോയുമേടുത്തിട്ടാണ് ഞങ്ങള്‍ നേരെ താമസസ്ഥലത്തേക്ക് തിരിച്ചത്‌..നേരം ഇരുട്ടാന്‍ തുടങ്ങിയിരുന്നു.കടുത്ത തണുപ്പിലൂടെ കുറേനേരം നടന്നതു കൊണ്ടാവണം മുറിയിലെത്തിയതും ഒരൊറ്റ വീഴ്ച്ച ... മുന്നേ കണ്ടാസ്വദിച്ച മായാകാഴ്ച്ചകളുടെ മൃദുമെത്തയിലേക്ക് ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ