2013 ഡിസംബർ 7, ശനിയാഴ്‌ച

കന്നി ലോറി യാത്ര ....

വെള്ളക്കോര്‍ ഉദ്യോഗം രാജി വെച്ച് ഗള്‍ഫിലേക്ക് വിമാനം കയറാന്‍ ആശിച്ചു നടക്കുന്ന കാലം. കാലമെന്ന് പറയുമ്പോള്‍ അധികമൊന്നുമായിട്ടില്ല കേട്ടോ ഒന്നര കൊല്ലം മുന്‍പ് 2012 ലെ റംസാന്‍ മാസം. അത്താഴവും സുബ്ഹി നമസ്കാരവും കഴിഞ്ഞു ഉറങ്ങാന്‍ കിടന്നാല്‍ പിന്നെ ഒരു പത്ത് -പതിനൊന്നുമണി വരെ ഉറക്കം തന്നെ. വേറെ പണിയൊന്നുമില്ലല്ലോ? ഉറങ്ങിയെണീറ്റാല്‍ കുളിയും കഴിഞ്ഞു നേരെ അങ്ങാടിയിലേക്ക്. അപ്പോഴേക്കും ഉച്ചമയക്കത്തിനായ് അധികം പേരും അവരവരുടെ വീടുകളിലെത്തിയിട്ടുണ്ടാവും. അങ്ങാടിയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കൂരയില്‍ എന്നെപ്പോലെ ജോലിയില്ലാത്തവരും ലീവ് എടുത്തവരുമായ കുറച്ചു പേര്‍ എപ്പോഴും ഉണ്ടാവുമെന്നുള്ളതാണ് ഏക ആശ്വാസം. എന്റെ ധാരണ തെറ്റിയില്ല.
കൂരയിലെ കവുങ്ങിന്‍ പാത്തികള്‍ക്ക് മുകളിലായി മൂന്നാലു പേര്‍ സോറ പറഞ്ഞിരുപ്പുന്ടായിരുന്നു.അവര്‍ക്കിടയിയിലേക്ക് കേറി ചെല്ലുമ്പോഴേ ചോദ്യം വരും ''എന്തായി അന്റെ വിസന്റെ കാര്യം? വല്ലതും നടക്കുമോ? വല്ല കാര്യവുമുണ്ടായിരുന്നോ ആ ജോലി കളയാന്‍ ? ''കഴിഞ്ഞ ഒന്നരമാസമായി ഈ ചോദ്യം സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങിയതിനാല്‍ ഉത്തരം ഒരു ചെറു ചിരിയിലൊതുക്കി അവരുടെ കൂടെ ഞാനും കൂടും. ആ സമയത്താണ് MKT നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഉടമസ്ഥനും ഡ്രൈവറും അതിലുപരി എന്റെ അയല്‍വാസിയുമായ ഷൌക്കത്ത് ഞങ്ങളുടെ ഇടയിലേക്ക് വന്നത്. സംസാരത്തിനിടെ അവനോടു ഞാന്‍ വെറുതെയൊന്നു ചോദിച്ചു ''അന്റെ ലൊറീലു ഞാന്‍ ക്ലീനറായി പോരട്ടെ? ''ഉടനെത്തന്നെ അവന്റെ മറുപടി ''കളിയാക്കണ്ട ഇജ്ജൊക്കെ വല്യ ഉദ്യോഗസ്ഥനല്ലേ,വണ്ടിപ്പണി അനക്കൊക്കെ മോശത്തരമല്ലേ? അല്ലടോ ഞാഞാന്‍  കാര്യായിട്ട് ചോദിച്ചതാ. എന്നാ നാളെ അത്താഴം കഴിച്ചിട്ട് ഇറങ്ങിക്കോ നമുക്ക് മൈസൂര്‍ക്ക്‌ പോകാം. അവന്റെ മറുപടി കേട്ടതും ഞാന്‍  ആവേശത്തിലായി പുതിയൊരു ജോലി കിട്ടിയതിന്റെയല്ല. ഒരു പാടു നാളായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സ്വപ്നം പൂവണിയാന്‍  പോകുന്നതിന്റെയായിരുന്നു . ലോറിയില്‍ ഒരു ദീര്‍ഘയാത്ര ....

ആവേശത്തോടെ വീട്ടിലെത്തി ഭാര്യയോട്‌ കാര്യം പറഞ്ഞു. ഉടനെ അവളുടെ മറുപടി. ''കണ്ടോന്റെ ലോറീല് ക്ലീനറായി പോകാനാണല്ലോ ഉണ്ടായിരുന്ന പണീം കളഞ്ഞ് ഇവിടെയിരിക്കുന്നത്? എന്തേലും കാട്ടിക്കോളീ , ഇന്നോടോന്നും ചോയ്ക്കണ്ട. ''നീ പോയ്‌ പണി നോക്ക് എന്ന് ''മനസ്സില്‍'' പറഞ്ഞു യാത്ര ഞാനുറപ്പിച്ചു. പുലര്‍ച്ചെ അത്താഴം കഴിച്ചു അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം ബാഗിലാക്കി ഭാര്യയോട്‌ യാത്രയും പറഞ്ഞു ബൈക്കുമായി ഷൌകത്തിന്റെ വീട്ടിലെത്തി. തുടര്‍ന്ന് നേരെ മൊറയുരിലേക്ക്. ലോറി അവിടെ നിര്‍തിയിട്ടിട്ടുണ്ടായിരുന്നു. ബൈക്കവിടെ പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ലോറിയില്‍ കയറി. കുറച്ചു നേരം വണ്ടി സ്റ്റാര്‍ട്ടിങ്ങിലിട്ടു പതിവ് പരിശോധനകള്‍ക്ക്  ശേഷം യാത്ര തുടങ്ങി. മഞ്ചേരി കഴിഞ്ഞയുടെനെ ചെറിയ തോതില്‍ മഴ പെയ്യാന്‍ തുടങ്ങി. ഡ്രൈവര്‍ ലോറി സൈഡാക്കി എനിക്ക് ആദ്യത്തെ പണി തന്നു.
പിന്നിലെ ബോഡിഫ്ലാറ്റില്‍ ടാര്‍പ്പോളിന്‍ പായ വിരിക്കാന്‍. ലോറി ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുളവാക്കുന്നതാണ് മഴ. ഫ്ലാറ്റ് നനഞ്ഞാല്‍ പഞ്ചസാര, അരി, ധാന്യങ്ങള്‍ തുടങ്ങിയ ലോഡുകള്‍ കിട്ടാന്‍ വലിയ പാടാണ്‌. മൈസൂരില്‍ നിന്നും കിട്ടുന്ന ലോഡുകളിലധികവും ഇത്തരതിലുള്ളതും. ഫ്ലെക്സ്പായ വിരിച്ചു കയറിട്ടു നന്നായി കെട്ടി ഫ്ലാറ്റിലേക്ക് വേള്ളമിറങ്ങില്ല എന്നുറപ്പ് വരുത്തി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആദ്യ ലോറി യാത്രയുടെ ആവേശമൊന്നും എന്റെ കണ്ണുകള്‍ക്കില്ലായിരുന്നു. ഇരു വശങ്ങളിലൂടെയും കാബിന്റെ അകത്തേക്ക് വീശിയെത്തിയ തണുത്ത കാറ്റും കൊണ്ട് മെല്ലെ ഉറക്കിന്റെ പിടിയിലേക്ക് ഞാന്‍ വഴുതിവീണു. വഴിക്കടവില്‍ ഡ്രൈവര്‍ ലോറി പാര്‍ക്ക് ചെയ്തപ്പോഴാണ് ഞാനുണര്‍ന്നത്. ഉറങ്ങനാണോ പോന്നത് എന്ന ഡ്രൈവറുടെ ചോദ്യത്തിന് ആദ്യമായിട്ടല്ലേ ശരിയായിക്കൊള്ളും എന്ന മറുപടിയും കൊടുത്ത് ഞങ്ങള്‍ രണ്ടുപേരും സുബ്ഹി നമസ്കാരത്തിനായി അടുത്തുള്ള പള്ളിയിലേക്ക് പോയി.

യാത്ര തുടര്‍ന്നു. വണ്ടിയില്‍  ലോഡോന്നുമില്ലാത്തതിനാല്‍  ചെക്പോസ്റ്റില്‍  സമയം നഷ്ടമായില്ല. മുന്നില്‍  വളഞ്ഞു പുളഞ്ഞു കിടക്കുന്ന നാടുകാണി ചുരം. എത്രയോ പ്രാവശ്യം ഇതിലൂടെ യാത്ര ചെയ്തിരിക്കുന്നു. എങ്കിലും ഓരോ തവണയും വ്യത്യസ്തങ്ങളായ കാഴ്ചകളൊരുക്കിയായിരിക്കും നാടുകാണി നമ്മെ വരവേല്‍ക്കുന്നത്. മഴക്കാലം തീര്‍ന്നിട്ടില്ലതതിനാല്‍  ചുരത്തിലെ നീര്‍ച്ചോലകളെല്ലാം കുത്തിയൊഴുകുന്നത് ഇടയ്ക്കിടെ ലോറിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കാണാമായിരുന്നു. ഇടക്ക് സൈഡ് കിട്ടാന്നായി ഹോണ്‍ മുഴക്കി കുതിച്ചെത്തുന്ന ചെറു വണ്ടികളും ലോഡുമായി ചുരമിറങ്ങി വരുന്ന ലോറികളും. ഇരുട്ടിന്റെ കമ്പളം പുതച്ചുറങ്ങുകയായിരുന്ന കാടിനെ ഇടക്കെപ്പോഴോ സൂര്യരശ്മികള്‍  തട്ടിയുണര്‍ത്തി. മുളങ്കാടുകളും വന്‍മരങ്ങളും ഞങ്ങളെ മുന്നോട്ടാനയിച്ചു കൊണ്ടിരുന്നു. കാടിന്റെ സൗന്ദര്യവും ആസ്വദിച്ചുള്ള യാത്രക്കിടെ അന്നം തേടിയിറങ്ങിയ വാനരപ്പടയും പക്ഷികളും യാത്രക്ക് ഹരം പകര്‍ന്നു. ഞാന്‍ വീണ്ടും മയക്കത്തിലായി. ഇടയ്ക്കു ലോറി വലിയൊരു ഗട്ടറില്‍ വീണു, ഞെട്ടിയുണര്‍ന്ന എന്നെ വരവേറ്റത് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മല്ലികതോട്ടങ്ങളായിരുന്നു.

മഞ്ഞയും, ഓറഞ്ചും, വെള്ളയും നിറങ്ങളിലായി റോഡിനിരുവശവുമുള്ള പാടങ്ങളില്‍ മല്ലിക പൂത്തുനില്‍ക്കുന്ന കാഴ്ച്ച നയനമനോഹരമായിരുന്നു. എന്റെ ആവേശം കണ്ട ഡ്രൈവര്‍ നമ്മളിതെത്ര കണ്ടിരിക്കുന്നു എന്ന രീതിയില്‍ എന്റെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു. വിളവെടുപ്പിനു തയ്യാറായി നില്ക്കുന്ന മല്ലികതോട്ടങ്ങളില്‍ അങ്ങിങ്ങായി കുറച്ചു ആള്‍ക്കാര്‍ അവരുടെ ജോലികളില്‍ മുഴുകിയിരിക്കുന്നു. ഈ മാസമവസാനത്തോടെ മലയാളിയുടെ വീട്ടുമുറ്റങ്ങളില്‍ മാവേലിയെ വരവേല്‍ക്കാന്‍ പൂക്കളങ്ങളായി മാറേണ്ടവരാണ് എന്ന വിചാരമില്ലാതെ ഇളം കാറ്റില്‍ തലയാട്ടിക്കളിക്കുകയാണ് മല്ലികപ്പൂക്കള്‍. ഓരോ ഫോട്ടൊയെടുക്കുമ്പോഴും ഇതാണ് കൂടുതല്‍ ഭംഗി എന്ന തരത്തിലായിരുന്നു തോട്ടങ്ങളുടെ കിടപ്പ്. ഞങ്ങള്‍ യാത്ര തുടര്‍ന്നു. ജീവിത മാര്‍ഗം എന്ന നിലയിലാണ് ഡ്രൈവര്‍ ഈ യാത്രയെ സമീപിച്ചെതെങ്കില്‍ തീര്‍ത്തും ഒരു വിനോദയാത്രയുടെ മൂഡിലായിരുന്നു ഞാന്‍. കാഴ്ച്ചകളെ ഓരോന്നായി പിന്നിലാക്കി ലോറി മുന്നോട്ടു കുതിച്ചു. നന്ജങ്കോടുള്ള ലോറിയാപ്പീസില്‍ ലോറി പാര്‍ക്ക് ചെയ്തു ഞങ്ങള്‍ ഓഫിസിലേക്കു ചെന്നു വല്ല ട്രിപ്പും ഉണ്ടോയെന്നന്വേഷിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് ഒരു ട്രിപ്പ് കിട്ടി. നാഗമന്ഗലത്തു നിന്നും ആലുവയിലേക്ക്. വീണ്ടും ലോറി കുതിക്കാന്‍ തുടങ്ങി. ശ്രീരംഗപട്ടണം, പാണ്ഡവപുര, ബന്നര്‍ഗട്ട, സിരപ്പട്ടന അങ്ങിനെ ഒരുപാട് സ്ഥലങ്ങള്‍ ഞങ്ങള്‍ പിന്നിട്ടു. പിന്നിട്ട വഴികളിലെല്ലായിടത്തും കന്നഡ ഗ്രാമങ്ങളുടെയും ചെറു പട്ടണങ്ങളുടെയും ഭംഗി ആസ്വദിച്ചായിരുന്നു എന്റെ യാത്ര. "ചിരട്ടക്കരി" ആയിരുന്നു ഞങ്ങള്‍ക്കുള്ള ലോഡ്. നാഗമംഗലത് നിന്നും പിന്നെയും കുറെ ഉള്ളിലായിരുന്നു ഞങ്ങള്‍ക്കു എത്തിച്ചേരേണ്ടിയിരുന്ന സ്ഥലം. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന വയലുകള്‍ക്ക് നടുവിലൂടെ  വഴിയന്വേഷിച്ചു ഒടുവില്‍ സ്ഥലത്തെത്തി. വിളവെടുപ്പ് കഴിഞ്ഞു അടുത്ത വിത്തിടലിനായി ഉഴുതിട്ടിരിക്കുന്ന വയലുകള്‍ക്ക് നടുവിലായി കറുത്ത പുകയുയരുന്നത് ഞങ്ങള്‍ ദൂരെ നിന്നും കണ്ടു.

കനത്ത പുകപടലങ്ങള്‍ പ്രദേശവാസികള്‍ക്ക് ശല്യമാകുമെന്നതിനാലാവാം ഇത്ര വിജനമായ ഒരിടത്തായി ഈ "ചിരട്ടക്കരി" നിര്‍മ്മാണം തുടങ്ങിയത്. അതും ഒരു മലയാളി, തലശ്ശേരിക്കാരന്‍ കരീം. കരി നിറച്ച ചാക്ക് കെട്ടുകളുമായി പണിക്കാര്‍ ലോഡിംഗ് തുടങ്ങി. ഡ്രൈവര്‍ ലോറിയില്‍ മയങ്ങുകയാണ്. ഏകദേശം 3 മണിക്കൂര്‍ എടുത്തു ലോഡിംഗ് പൂര്‍ത്തിയാവാന്‍. ടാര്‍പ്പായ വലിച്ചു കെട്ടാനായി ഡ്രൈവറെ വിളിച്ചുണര്‍
ത്തിയത് അവന് ഇഷ്ടമായില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. കുറച്ചകലെയുള്ള കരീംകയുടെ വീട്ടില്‍ നിന്നും നോമ്പ് തുറന്ന് സന്ധ്യയോടെ ഞങ്ങളവിടെനിന്നും തിരിച്ചു. രാത്രി ഞങ്ങള്‍ ബന്ദിപൂര്‍ കാട്ടിലെത്തി. ഇടയ്ക്കു റോഡിന്റെ വശത്തുള്ള
മുളങ്കാട്ടില്‍ ഒരു കരിവീരനെ ചെറിയൊരു മിന്നായം പോലെ കണ്ടു. ചെക്ക്‌പോസ്റ്റ്‌ അടച്ചിട്ടിരിക്കുന്നതിനാല്‍ ഇനി രാവിലെ 6 മണിക്കേ യാത്ര തുടരാന്‍ പറ്റൂ. ലോറി ക്യൂവിലിട്ടു ഞങ്ങളൊന്നു പുറത്തിറങ്ങി. ചെക്ക്‌ പോസ്റ്റിനു സമീപത്തുള്ള കടയില്‍ നിന്നും കുറച്ചു പഴവും ബ്രെഡും വാങ്ങി അത്താഴത്തിനുള്ള വകയൊരുക്കി. കൊതുകുതിരിയും കത്തിച്ചു വിന്‍ഡോ ഷട്ടറുമിട്ടു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.
ബന്ദിപ്പൂര്‍ കാട്ടിനുള്ളില്‍ ഒരു രാത്രി. തീര്ത്തും പുതിയൊരനുഭവമായിരുന്നു ആ ഉറക്കം പകല്‍ കണ്ട കാഴ്ച്ചകളെല്ലാം അയവിറക്കി രാത്രിയിലെപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കാണ്ട് വീണു. അലാറം അടിക്കുന്നത് കേട്ട് ചാടിയെണീട്ടു നോക്കിയപ്പോ സമയം പുലര്‍ച്ചെ 4 മണി. ഉടനെ ഡ്രൈവറെ വിളിച്ചുണര്‍ത്തി. പല്ലുതേപ്പും മുഖം കഴുകലും കഴിഞ്ഞു അത്താഴവും കഴിച്ചു പുറപ്പെടാനൊരുങ്ങി, 6 മണി വണ്ടികളോരോന്നായി നീങ്ങിത്തുടങ്ങി. ഗൂഡല്ലൂര്‍, നാടുഗാണി, നിലമ്പൂര്‍, പട്ടാമ്പി, മണ്ണുത്തി, ചാലക്കുടി അവസാനം ആലുവയിലെ ബിനാനിപുരത്തെത്തി. പിന്നിട്ട വഴികളിലെല്ലാം വിവിധങ്ങളായ കാഴ്ച്ചകള്‍ സമ്മാനിച്ചതായിരുന്നു എന്റെ കന്നി ലോറിയാത്ര. പിന്നീടങ്ങോട്ട് 15 ലധികം തവണ ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങള്‍, അധികവും കന്നഡ നാട്ടിലൂടെ ...ചെറുപട്ടണങ്ങള്‍, ഗ്രാമങ്ങള്‍ , കരിമ്പും ചോളപ്പാടങ്ങളും, കാലിക്കൂട്ടങ്ങള്‍, നിഷ്കളങ്കരായ ഗ്രാമീണരും, പുഴകളും, കൈത്തോടുകളും, പൂക്കളും മൃഗങ്ങളും. എത്രയെത്ര കാഴ്ച്ചകള്‍. സെപ്റ്റംബറില്‍ എന്റെ വിസ റെഡിയാകുന്നത് വരെ യാത്രകളായിരുന്നു. ലോറി യാത്രകള്‍.....



ചിത്രങ്ങള്‍ക്ക് കടപ്പാട്  ഗൂഗിള്‍ 









3 അഭിപ്രായങ്ങൾ:

  1. അടി പൊളി ലോറി യാത്ര .. വായന അവസാനിക്കുന്നത് വരെ ഞാനും ഇങ്ങളെ കൂടെ അങ്ങ് പോന്നു . നാന്നായി. തുടരുക

    മറുപടിഇല്ലാതാക്കൂ
  2. ഇത്തരം യാത്രകൾ വലിയ സ്വപ്നമാണ്. ലോറിക്കാരോട് ആദരവും. എത്രയോ ഭൂപ്രദേശങ്ങളെയും ജീവിതങ്ങളെയും പരിചയപ്പെട്ടാണ് അവർ യാത്ര തുടരുന്നത്. വെറുതെയിരുന്ന സമയം ഇങ്ങനെ വിനിയോഗിക്കാൻ തീരുമാനിച്ചതിനു അഭിനന്ദനങ്ങൾ.

    കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് നന്നായിരിക്കും

    മറുപടിഇല്ലാതാക്കൂ